പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍; ലിറ്ററിന് 76 രൂപ കടന്നു
|ഇന്ധനവില വർധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നാളെ വാഹനപണിമുടക്ക് നടത്താനിരിക്കെ ആണ് വീണ്ടും വില വർധന
സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 76 രൂപയും ഡീസലിന് 68 രൂപയും കടന്നു. അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ നാളെ സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76രൂപ 12 പൈസയാണ് വില. ഡീസലിന് 68.40 രൂപയുമാണ് വില. ദിവസേന മാറുന്ന ഉന്ധന വില വിവിധ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കൊച്ചിയില്‍ ഇന്ധന വിലയില്‍ ചെറിയ മാറ്റമുണ്ട്. പെടോളിന് 74.80 രൂപയും ഡീസലിന്‍ 67.11 രൂപയുമാണ്.
കോഴിക്കോട് വിലനിലവാരം യഥാക്രമം75.08, 67.46 എന്നിങ്ങനെയാണ്. ഇന്നലെ മാത്രം പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയും കൂടി. ഒരു മാസം കൊണ്ട് ഇന്ധന വില 2.50 രൂപ മുതല്‍ 3.50 രൂപവരെയാണ് വര്‍ധിച്ചത്. രൂക്ഷമായ വിലക്കയറ്റത്തിനാണ് ഇന്ധന വിലവര്‍ധന വഴിവച്ചിരിക്കുന്നത്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യാവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വാഹനപണിമുടക്കും നടക്കും.