എകെ ശശീന്ദ്രനെതിരെ പരാതി നല്കിയ മഹാലക്ഷ്മിയെ ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം
|ശ്രീകുമാര്‍ വീട്ടുജോലിക്കാരി വഴി പരാതി നല്‍കിയതില്‍ തനിക്കൊരു പങ്കുമില്ലെന്ന് തോമസ് ചാണ്ടി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ കോടതികളില്‍ പരാതി നല്കിയ മഹാലക്ഷ്മിയെ ചൊല്ലി എന്‍സിപിക്കകത്ത് തര്‍ക്കം. തോമസ് ചാണ്ടി, പിഎ ശ്രീകുമാര്‍ വഴി വീട്ടുജോലിക്കാരിയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലന്നാണ് എകെ ശശീന്ദ്രന് അനുകൂലികളുടെ നിലപാട്. എന്നാല്‍ ശ്രീകുമാര്‍ വീട്ടുജോലിക്കാരി വഴി പരാതി നല്‍കിയതില്‍ തനിക്കൊരു പങ്കുമില്ലെന്ന് തോമസ് ചാണ്ടി പാര്‍ട്ടി നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്.
മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് സ്പെഷ്യല്‍ബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മഹാലക്ഷമി പരാതി നല്കിയ സമയത്ത് തന്നെ പരാതിക്കാരി ആരാണെന്ന ചോദ്യം ഉയര്‍ന്നിരുന്നു. കോടതി ഹര്‍ജി തള്ളിയപ്പോള്‍ കോടതി വിധിക്കെതിരെ മഹാലക്ഷമി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോമസ് ചാണ്ടിയുടെ പിഎ ആയിരുന്ന ബിഎ ശ്രീകുമാറിന്റെ വീട്ടിലെ ജോലിക്കാരിയാണ് മഹാലക്ഷ്മിയെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതിയെ ചൊല്ലി എന്‍സിപിക്കകത്ത് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
എകെ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തിരിച്ച് വരുന്നത് തടയുന്നതിന് വേണ്ടി തോമസ് ചാണ്ടി പിഎ വഴി പ്രയോഗിച്ച തന്ത്രമാണ് മഹാലക്ഷ്യുടെ പരാതിയെന്നാണ് ശശീന്ദ്രന് അനുകൂലികളുടെ നിലപാട്. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെടുന്നു. പരാതി കേന്ദ്ര നേത്യത്വത്തിന് ഉടന്‍ അയക്കും. അതേസമയം പരസ്യമായി തോമസ് ചാണ്ടി തള്ളിപ്പറയേണ്ടന്നാണ് എകെ ശശീന്ദ്രന്റേയും അനുകൂലികളുടേയും തീരുമാനം.
മഹലാക്ഷ്മിയുടെ പരാതിയില്‍ തനിക്കൊരു ബന്ധുവുമില്ലെന്ന് തോമസ് ചാണ്ടി പാര്‍ട്ടി പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്ററെ അറിയിച്ചിട്ടുണ്ട്. അതേസമയം മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മഹാലക്ഷ്മി മറ്റാരുടേയോ താത്പര്യപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.