''നിസ്സഹായകനായ ഒരു കവിയെ ഭയപ്പെടുന്നുവെങ്കിൽ അതിനര്‍ത്ഥം, ഏറ്റവും ദുർബലനെപ്പോലും നിങ്ങള്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നാണ്''
|കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍.
കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. നിസ്സഹായകനായ ഒരു പാവം കവിയെ നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ അതിനര്‍ത്ഥം സമൂഹത്തിലെ ഏറ്റവും ദുർബലനെപ്പോലും നിങ്ങല്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നാണെന്ന് ബെന്യാമിന്‍ തുറന്നടിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ പ്രതികരണവുമായി എത്തിയത്. ''സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയം. ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു.'' ബെന്യാമിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കുരീപ്പുഴക്ക് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായത്. കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കവി. വടയമ്പാടി സമരമടക്കമുള്ള വിഷയങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രസംഗശേഷം മടങ്ങവേ ഒരു സംഘമാളുകള്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
''നിസ്സഹായകനായ നിർമമനായ ഒരു പാവം കവിയെ നിങ്ങൾ ഭയപ്പെടുന്നു എങ്കിൽ നിങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണർത്ഥം. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയം. ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഭ്രാന്തിൽ.'