Kerala
ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക്ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക്
Kerala

ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക്

Sithara
|
5 Jun 2018 9:17 AM GMT

പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്നും കോടതി. യുഎപിഎ ചുമത്തേണ്ട കേസാണെന്നും കോടതിയുടെ നിരീക്ഷണം

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

അന്വേഷണം സുതാര്യവും സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തേണ്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമല്ല. മറയ്ക്ക് പിന്നില്‍ ആളുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ വകുപ്പില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നിലപാടെടുത്ത ദിവസം തന്നെയാണ് കോടതി വിധി എന്നതും ശ്രദ്ധേയമാണ്.

കേസില്‍ നിലവിലുള്ള പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ആയുധം എവിടെയെന്ന് പൊലീസ് ചോദിച്ചറിഞ്ഞില്ല. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവരെ എല്ലാവര്‍ക്കും അറിയാം. എന്നാലവര്‍ കൈകഴുകി പോകുകയാണ്. നിരന്തരമുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അന്വേഷണം നിഷ്പക്ഷമാണെന്ന് പറയാനാകില്ല. പൊലീസിന്‍റെ കൈകള്‍ ആരോ കെട്ടിയിട്ടിരിക്കുകയാണ്. .

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്നാണ് ഹരജിക്കാരുടെ വാദം. ഉന്നത സിപിഎം നേതാക്കൾക്ക് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

Similar Posts