വിഴിഞ്ഞം പദ്ധതി വൈകും; കരാര്‍ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് അദാനിയുടെ കത്ത്
|തുറമുഖ കമ്പനിക്കാണ് അദാനി കത്തയച്ചത്
വിഴിഞ്ഞം പദ്ധതി കരാര്‍ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ് . ഓഖിയിൽ ഡ്രെഡ്ജർ തകർന്നത് നിർമാണത്തിന് തടസമായെന്നാണ് തുറമുഖ കമ്പനിക്ക് അദാനി ഗ്രൂപ്പ് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നത്. എന്നാൽ കരാര്‍ സമയത്ത് പണി തീർത്തില്ലെങ്കിൽ സർക്കാരിന് നൽകേണ്ട നഷ്ടപരിഹാരം ഒഴിവാക്കാനാണ് ഓഖി ദുരന്തം മറയാക്കുന്നതെന്നാണ് സൂചന.
1460 ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കമെന്നാണ് 2015 ഡിസംബര്‍ അഞ്ചിന് സര്‍ക്കാരുമായി ഒപ്പ് വച്ച കരാറില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 1000 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനമാണ് അദാനി നല്‍കിയിരുന്നത്.ഇത് നടപ്പാവില്ലെന്ന് നിയമസഭയില്‍ അറിയിച്ച തുറമുഖമന്ത്രി കരാര്‍ ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷെ കരാര്‍ തീരുന്ന സമയത്ത് പൊലും പദ്ധതി തീരില്ലെന്നാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.ഓഖി ദുരന്തം സമയത്ത് ഡ്രെഡ്ജര്‍ കേടായെന്നും ഇത് മൂലം പണി നടക്കുന്നില്ലെന്നുമാണ് തുറമുഖ കമ്പനിക്ക് അദാനി ഗ്രൂപ്പ് നൽകിയ കത്തില്‍ പറയുന്നുണ്ട്.ഒഖി മൂലം മറ്റ് പല തടസ്സങ്ങളും ഉണ്ടായെന്നും ഇതെല്ലാം പദ്ധതിക്ക് തടസമായെന്നുമാണ് കത്തില്‍ പറയുന്നത്.
സര്‍ക്കാരിനും അദാനി കമ്പനിക്കും ഇടയിലുള്ള സ്വതന്ത്ര കമ്പനി ഈ കത്ത് പരിശോധിച്ച് വരികയാണ്.ഇതിന് ശേഷം മാത്രമേ അദാനിയുടെ ആവശ്യം പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു.അതേസമയം ആവശ്യത്തിന് പാറ ലഭിക്കാത്തതാണ് പദ്ധതി മുന്നോട്ട് പോകാത്തതിന് കാരണമെന്നാണ് വിവരം. കരാര്‍ സമയത്ത് പണി തീർത്തില്ലെങ്കിൽ സർക്കാരിന് നൽകേണ്ട നഷ്ടപരിഹാരം ഒഴിവാക്കാനാണ് ഓഖി ദുരന്തം അദാനി മറയാക്കുന്നതെന്നാണ് സൂചനയുണ്ട്. കരാര്‍ സമയത്തിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ അത് കഴിഞ്ഞുള്ള ഒരോ ദിവസവും 12 ലക്ഷത്തോളം രൂപ അദാനി കമ്പനി സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കരാറില്‍ പറയുന്നത്.