ചരിത്രനേട്ടം സ്വന്തമാക്കി സിയാല്‍
|ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാരുപയോഗിച്ച വിമാനത്താവളമെന്ന നേട്ടമാണ് സിയാല്‍ സ്വന്തമാക്കിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിന് ചരിത്ര നേട്ടം. ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാരുപയോഗിച്ച വിമാനത്താവളമെന്ന നേട്ടമാണ് സിയാല്‍ സ്വന്തമാക്കിയത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഈ സാമ്പത്തിക വര്‍ഷം 23 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
2017-18 സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണമാണ് ഒരു കോടി കവിഞ്ഞത്. സിയാലിന്‍റെ 19 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89.41 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. ചെന്നൈയില്‍ നിന്ന് പറന്നിറങ്ങിയ ഇന്‍ഡിഗോ വിമാനത്തിലെ 175 യാത്രക്കാരാണ് നേട്ടം ഒരു കോടി തികച്ചത്. ചരിത്ര നേട്ടത്തിലേക്ക് പറന്നിറങ്ങിയ യാത്രക്കാരെ സിയാല്‍ എംഡി വി ജെ കുര്യന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
11 ശതമാനത്തോളമാണ് യാത്രക്കാരുടെ ശതമാനത്തിലെ മൊത്ത വളര്‍ച്ച. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലാണ് കുതിച്ചുചാട്ടമുണ്ടാക്കാനായത്. 23 ശതമാനമാണ് വര്‍ധന. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്ത് നവീകരിക്കുന്ന ഒന്നാം ടെര്‍മിനല്‍ മെയ് മാസത്തോടെ ആഭ്യന്തര സര്‍വീസിനായി തുറന്നുകൊടുക്കും.