ഒബിസി മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തി
|ദിവ്യാ എസ് അയ്യര്‍ക്ക് സ്ഥലം മാറ്റം; സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് 2 ലക്ഷം വീതം
സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളുടെ മേല്‍തട്ട് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആറ് ലക്ഷം രൂപയില്‍ നിന്ന് എട്ട് ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിക്കുക. വര്‍ക്കല ഭൂമി കൈമാറ്റ വിവാദത്തില്‍പെട്ട തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യാ എസ് അയ്യരെ സ്ഥലം മാറ്റാനും തീരുമാനം. സന്തോഷ് ട്രോഫി കളിക്കാര്‍ക്ക് രണ്ട്‍ലക്ഷം രൂപ വീതവും, സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
കേന്ദ്രസര്‍ക്കാര്‍ മേല്‍തട്ട് പരിധി ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടിയുള്ള നടപടികളെടുക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായതോടെയാണ് മേല്‍തട്ട് പരിധി സര്‍ക്കാര്‍ ഉയര്‍ത്തിയത്. മുസ്ലീംസംഘടനകളും മറ്റ് പിന്നോക്കവിഭാഗങ്ങളും മേല്‍തട്ട് പരിധി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നിരന്തര സമരത്തിലായിരുന്നു. ആറ് ലക്ഷം രൂപയില്‍ നിന്ന് എട്ട് ലക്ഷം രൂപയായാണ് പരിധി ഉയര്‍ത്തുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ സബ്കളക്ടര്‍ ദിവ്യാ എസ് അയ്യരുടെ ഉത്തരവ് വിവാദമായതോടെ സബ്കളക്ടറെ മന്ത്രിസഭാ യോഗം സ്ഥലം മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം. ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ ഇമ്പാ ശേഖറാണ് പുതിയ തിരുവനന്തപുരം സബ്കളക്ടര്‍. ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതലകള്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്കും, പരിശീലകനും 2 ലക്ഷം രൂപ വീതം നല്‍കും. സ്വന്തമായി വീടില്ലാത്ത ടീമിലുണ്ടായിരുന്ന കെ പി രാഹുലിന് വീട് നല്‍കാനും തീരുമാനിച്ചു.
ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള വോളിബോള്‍ടീമിന് ഒന്നരലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം.