'ഹൈക്കോടതിയുടേത് മൌലികാവകാശ ലംഘനം' ഹാദിയാ കേസില്‍ സുപ്രീംകോടതിയുടെ വിശദമായ വിധി പുറത്ത്
|ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്‍റെയും മൌലികാവകാശം ലംഘിച്ചെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.
ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്‍റെയും മൌലികാവകാശം ലംഘിച്ചെന്ന് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യ വിഷയങ്ങളില്‍ ഭരണകൂട ഇടപെടലുകള്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നും ഭയപ്പെടുത്തി പോലും സ്വാതന്ത്ര്യം നിഷേധിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. ഹാദിയാ കേസിന്‍റെ വിശദമായ വിധി സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഹാദിയയുടെയും ഷെഫിന്‍ ജഹാന്‍റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കണക്കിന് വിമര്‍ശിച്ചുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ 61 പേജുള്ള വിശദ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എം എം ഖാന്‍ വില്‍ക്കല്‍ക്കറും ഒന്നിച്ച് വിധിയെഴുതിയപ്പോള്‍ അവരോട് യോജിച്ച് കൊണ്ട് തന്നെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രത്യേകം വിധിയെഴുതി. വിശ്വാസത്തിന്റെ പേരിൽ വ്യക്തിസ്വാതന്ത്ര്യം വിലക്കാനാകില്ല. കോടതിയുടെ ചുമതല അവകാശങ്ങൾ ഉയർത്തിപ്പിടിക്കലാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹാദിയയുടെയും ഷെഫിന്‍റെയും കാര്യത്തില്‍ ഹൈക്കോടതി അധികാര പരിധി മറികടന്നു. സ്വമേധയാ തീരുമാനമെടുക്കാന്‍ ശേഷിയുള്ള പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഹാദിയ എന്ന് ഹൈക്കോടതി മറന്നു. ഹാദിയ തടവിലാണോ എന്ന് മാത്രമാണ് കോടതി ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ നോക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് ചന്ദ്ര ചൂഡ് വിധിയില്‍ പറഞ്ഞു. വിവാഹക്കാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് മൂന്ന് ജസ്റ്റിസുമാരും വ്യക്തമാക്കി. മാര്‍ച്ച് എട്ടിനാണ് ഹാദിയയുടെയും ഷെഫിന്‍റെയും വിവാഹം സുപ്രീംകോടതി ശരിവെച്ചത്.