മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചു; കോട്ടയത്തെ രണ്ട് കോളജുകള്‍ അടച്ചു
|കോട്ടയം മാന്നാനം കെ ഇ കോളജില്‍ 200ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കിടങ്ങൂര്‍ എഞ്ചിനിയിറിംഗ് കോളേജിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിരിക്കുന്നത്...
കെ ഇ കോളേജിന് പിന്നാലെ കോട്ടയത്തെ കിടങ്ങൂര്‍ എഞ്ചിനിയറിംഗ് കോളജിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. ഇതിനോടകം അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 40 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി കോളജ് അടച്ചു. ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.
കോട്ടയം മാന്നാനം കെ ഇ കോളജില്‍ 200ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കിടങ്ങൂര്‍ എഞ്ചിനിയിറിംഗ് കോളേജിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ഇതിനോടകം വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം നാല്‍പത് പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നോ ഭക്ഷണം കഴിക്കുന്ന ഹോട്ടലില്‍ നിന്നോ ആകാം മഞ്ഞപ്പിത്തം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
കോളജിന് സമീപത്തെ ജലശ്രോതസുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കോളജിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡല്‍ പരീക്ഷ അടക്കം മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കയുണ്ടാക്കുന്ന സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.