ഇനി പൂര നാളുകള്‍; തൃശൂര്‍ പൂരത്തിന് കൊടിയേറി
|അടുത്ത ബുധനാഴ്ചയാണ് തൃശൂര്‍ പൂരം
തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും തുടര്‍ന്ന് പാറമേക്കാവിലും പൂരക്കൊടി ഉയര്‍ത്തി. നിരവധി പൂര പ്രേമികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റം. അടുത്ത ബുധനാഴ്ചയാണ് തൃശൂര്‍ പൂരം.
തിരുവമ്പാടി ക്ഷേത്രം പൂജാരി സുകുമാരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കൊടിമരത്തില്‍ പൂജാദി കര്‍മ്മങ്ങള്‍. പന്ത്രണ്ട് മണിയോടെ കൊടിയേറ്റം. പൂരപ്രേമികളുടെ പൂരാവേശത്തിന് നടുവില്‍ തൃശൂര്‍ പൂരത്തിന് തുടക്കം. ഇനി അഞ്ച് നാള് മലയാളിയുടെ കണ്ണും കാതും മനസ്സുമെല്ലാം പൂര നഗരിയിലേക്ക്. തിരുവമ്പാടിയില്‍ കൊടിയേറ്റം കഴിഞ്ഞ ഉടനെ പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും കൊടി
ഉയര്‍ന്നു. പൂരത്തിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. മുന്‍ വര്‍ഷത്തെ പൊലെ ഇത്തവണയും വെടിക്കെട്ടുണ്ടാവുമെന്ന് ജില്ലാ ഭരണകൂടവും ആഘോഷ കമ്മറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് പൂരത്തിനും അനുബന്ധ ചടങ്ങുകള്‍ക്കുമായി ഇപ്പോള്‍ തന്നെ തൃശൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.