മലപ്പുറത്ത് ദേശീയപാതക്കായി സ്ഥലമെടുപ്പിനുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും
|കുറ്റിപ്പുറം-പൊന്നാനി റീച്ചിലെ അവസാന രണ്ടര കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക
മലപ്പുറം ജില്ലയില്‍ ദേശീയപാതക്കായി സ്ഥലമെടുപ്പിനുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും. കുറ്റിപ്പുറം-പൊന്നാനി റീച്ചിലെ അവസാന രണ്ടര കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക. കുറ്റിപ്പുറം- ഇടിമുഴീക്കല്‍ റീച്ചിലും കുറ്റിപ്പുറം- പൊന്നാനി റീച്ചിലുമായി രണ്ട് ഘട്ടങ്ങളിലായാണ് മലപ്പുറത്തെ ദേശീയപാതാ സ്ഥലമെടുപ്പിനുള്ള സര്‍വേ നടന്നത്.കുറ്റിപ്പുറം-ഇടിമുഴീക്കല്‍ റീച്ചിലെ 54 കിലോമീറ്ററിലെ സര്‍വേ മാര്‍ച്ച് 19നാണ് ആരംഭിച്ചത്. ജനവാസ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയോടെ ആയിരുന്നു സര്‍വേ.
എ.ആര് നഗറിലും ചേലേമ്പ്രയിലും പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കിയായിരുന്നു സര്‍വേ. സമരസമിതിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അലൈന്മെന്റ് മാറ്റം സര്‍ക്കാര്‍ അംഗീകരിച്ചതോടെ എ.ആര് നഗറിലും ചേലേമ്പ്രയിലുമായി ബാക്കിവെച്ച രണ്ടര കിലോമീറ്റര്‍ ഭാഗം ഇന്നലെ പൂര്‍ത്തിയാക്കി. കുറ്റിപ്പുറം- പൊന്നാനി റീച്ചില്‍ 24 കിലോമീറ്ററാണ് ആകെ ദൂരം. ഇതില്‍ രണ്ടര കിലോമീറ്ററാണ് ഇനി ബാക്കിയുള്ളത്. ഈ രണ്ടര കിലോമീറ്ററില്‍ ഇന്ന് സര്‍വേ പൂര്‍ത്തിയാകും. 2018 ലെ അലൈന്മെന്റ് പ്രകാരമാണ് രണ്ടിടത്തും സര്‍വേ നടത്തിയത്.
അലൈന്മെന്റ് സംബന്ധിച്ച് പരാതി ഉയര്‍ന്ന ഭാഗങ്ങളില്‍ ബദല്‍ അലൈന്മെന്റ് പരിശോധിച്ച് ദേശീയ പാത അതോറിറ്റിയുടെ കൂടി അനുമതിയോടെ പിന്നീട് സര്‍വേ നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സര്‍വേ കഴിഞ്ഞ ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെയും മറ്റും നഷ്ടം സംബന്ധിച്ച കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. സ്ഥലമെടുപ്പ് സംബന്ധിച്ച് രണ്ടായിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതു സംബന്ധിച്ച തെളിവെടുപ്പും നടക്കുന്നുണ്ട്. ഒക്ടോബര്‍ 31നകം നഷ്ടപരിഹാരം നല്കി ഭൂമി ഏറ്റെടുക്കാനും നവംബര്‍ ആദ്യ ആഴ്ചയില്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.