കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു; പൊങ്കാലയ്ക്കിരയായത് നമ്മുടെ ഭാവനയും
|നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്
ഇതിപ്പോള്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞു പോലെയായി കാര്യങ്ങള്‍. അല്ലെങ്കില്‍ പിന്നെ ഏതോ ഒരു നടി ബിജെപിയില്‍ ചേര്‍ന്നതിന് നമ്മുടെ പാവം ഭാവനയുടെ മേക്കിട്ട് കയറണോ...സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടണോ..സംഭവം മറ്റൊന്നുമല്ല, കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നതാണ് മലയാളി താരം ഭാവനയ്ക്ക് വിനയായത്.
നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതു കണ്ട മലയാളികള്‍ക്ക് സഹിച്ചില്ല. ഭാവനയാണെന്ന് കരുതി അവരുടേതെന്ന് കരുതുന്ന ഫേസ്ബുക്ക് പേജില്‍ കയറി പൊങ്കാലയിടാനും തുടങ്ങി. ഇനി ഒറ്റ പടം നിന്റെ തീയറ്ററിൽ പോയി കാണില്ല. അത്രേ ഇഷ്ട്ടം ആരുന്നു നിന്നെ. ഇപ്പോൾ നീ വെറുപ്പിന്റെ സന്തതിയ. ഇനി നീ ഞങ്ങൾക്ക് വെറും ചാണകം മാത്രം i hate you, നിങ്ങൾ സംഘി ആയത് തീരെ ശരി ആയില്ല സഖാവേ, സഖാക്കളേ ഈ സംഘിണിയെ നമ്മൾ വെറുതെ വിടരുത് പൊങ്കാല തുടരട്ടെ .. ഇവരുടെ ഒറ്റ പടവും കണ്ണൂരിൽ റീലീസ് ആകരുത്..എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇതിനിടയില്‍ സത്യം മനസിലാക്കിയവരും ഉണ്ടായിരുന്നു. ആള് മാറിപ്പോയി അത് കന്നഡ നടി ഭാവനയാണെന്ന് ചിലര്‍ മറു കമന്റുകളും പാസാക്കുന്നുണ്ടായിരുന്നു. ഏതായാലും കാള പെറ്റുവെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്.