Kerala
നിപ വൈറസ് രോഗ ബാധിതര്‍ക്കുള്ള മരുന്ന് എത്തിച്ചുനിപ വൈറസ് രോഗ ബാധിതര്‍ക്കുള്ള മരുന്ന് എത്തിച്ചു
Kerala

നിപ വൈറസ് രോഗ ബാധിതര്‍ക്കുള്ള മരുന്ന് എത്തിച്ചു

Khasida
|
5 Jun 2018 11:17 AM GMT

നിപ രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി ചികിത്സ തേടി

കോഴിക്കോട് നിപ രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി ചികിത്സ തേടി. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സയിലുള്ളത്. പാലാഴിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ബന്ധുക്കളാണ് ഇവര്‍. പതിനാറ് പേര്‍ നീരീക്ഷണത്തിലുണ്ട്.

നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 12 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലുള്ള അതീവ ഗുരുതരസ്ഥിതിയിലുള്ളവരുടെ നില മെച്ചപ്പെട്ടുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

നിപ വൈറസ് രോഗ ബാധിതര്‍ക്കുള്ള മരുന്ന് മലേഷ്യയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. 2000 റിബാ വൈറിന്‍ ടാബ്ലറ്റ്സുകളാണ് എത്തിച്ചത്. പ്രതിപ്രവര്‍‌‍ത്തനത്തിനുള്ള സാധ്യതകള്‍ കൂടി പരിശോധിച്ചായിരിക്കും രോഗികള്‍ക്ക് മരുന്ന് നല്‍കുക.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കു കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം തെന്നല സ്വദേശിയിലാണ് നിപ വൈറസ് ബാധ സ്ഥീരീകരിച്ചത്. ഇതോടെ മരിച്ചവരുള്‍പ്പെടെ നിപ വൈറസ് ബാധിച്ചവരുടെ എണ്ണം പതിമൂന്നായി.

അതിനിടെ നിപ വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ കർശന നിർദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. നിപ വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. ഇതിന്റെ ഭാഗമായി 136 പേർ നിരീക്ഷണത്തിലാണ്.

നിപ മരണം സ്ഥിരീകരിച്ച് മരിച്ചവരുമായി അടുത്തിടപഴകിയവരോടുമാണ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടത്. ഇവരിൽ തന്നെ പനിയോട് കൂടി ചികിത്സ തേടിയവരോട് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ സൂക്ഷ്മത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീടിന് പുറത്തിറങ്ങാതിരിക്കാനും നിർദേശിച്ചു. ചികിത്സ തേടിയവരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഇവരിൽ ഏത് പനിയാണെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണിത്. രോഗികളുമായി അടുത്തിടപഴകിയവർക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ അത് കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനാണ് വീടിന് പുറത്തേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

നിപ വൈറസിനെ കുറിച്ച് പഠിക്കാനെത്തിയ എയിംസ് സംഘം ഇന്നും തുടരും. നിപ രോഗലക്ഷണങ്ങളോടെ കൂടുതൽ പേർ ഇന്നലെ ചികിത്സ തേടിയെത്തിയിട്ടില്ല എന്നത് ആശ്വാസം പകരുന്നുണ്ട്.

കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘവും ഉടന്‍ മലപ്പുറത്ത് എത്തും. നിപ വൈറസ് ബാധിച്ച് മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനാണ് എന്‍ഡിആര്‍എഫ് സംഘം എത്തുന്നത്. നിപ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ പരിചരണത്തിനും ചികില്‍സക്കും ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

മൂര്‍ക്കനാട്, മൂന്നിയൂര്‍, തെന്നല എന്നിവിടങ്ങളിലായി നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ സഹവസിച്ചവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനി ബാധിച്ച് നിരവധി പേര്‍ ജില്ലയില്‍ ചികില്‍സയിലുണ്ടെങ്കിലും നിപ സ്ഥിരീകരിച്ച കേസുകള്‍ ഇല്ല. എങ്കിലും അടിയന്തര സാഹര്യം ഉണ്ടായാല്‍ നേരിടുന്നതിനായി എന്‍ഡിആര്‍എഫിന്‍റെ ഇരുപതംഗ സംഘം ഉടന്‍ മലപ്പുറത്ത് എത്തും.

ജില്ലയില്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മസേനയുടെ ചെയര്‍മാന്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ഡിഎംഒ യുമാണ്. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് ആര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. നിപ വൈറസ് ബാധ മൂലം മരണമുണ്ടായ മൂന്ന് പഞ്ചായത്തുകളില്‍ അംഗന്‍വാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.

Related Tags :
Similar Posts