Kerala
നിപ വൈറസ്: മലപ്പുറത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്നിപ വൈറസ്: മലപ്പുറത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്
Kerala

നിപ വൈറസ്: മലപ്പുറത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്

Khasida
|
5 Jun 2018 11:16 AM GMT

അടിയന്തര നടപടി സ്വീകരിക്കാനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘം മലപ്പുറത്തേക്ക്

നിപ വൈറസ് ബാധിച്ച് മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ആരോഗ്യവകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. തെന്നല സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന് പുറമേ മറ്റൊരാള്‍ നിപയുടെ ലക്ഷണങ്ങളോടെ ചികില്‍സ തേടി. അടിയന്തര നടപടി സ്വീകരിക്കാനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘം മലപ്പുറത്തേക്ക് തിരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തെന്നല സ്വദേശിക്ക് നിപ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച ഭാര്യയില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. തുറക്കല്‍ സ്വദേശിയായ യുവാവ് നിപ വൈറസിന്‍റെ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയാണ് ഇയാള്‍ക്ക് ചികില്‍സ നല്‍കുന്നത്.

ജില്ലയില്‍ നിപ ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കത്തിലിരുന്നവരെ ആരോഗ്യവകുപ്പ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പില്‍ മതിയായ ഫീല്‍ഡ് സ്റ്റാഫില്ലാത്തത് ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇക്കാര്യം ഇന്നലെ മലപ്പുറത്തെത്തിയ ആരോഗ്യമന്ത്രിയെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിക്കുകയും പൊന്നാനിയില്‍ മൂന്ന് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. ഇതിനകം നാല്‍പത് പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Related Tags :
Similar Posts