Kerala
കോട്ടയത്ത് ദുരഭിമാനകൊല: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മൃതദേഹം തോട്ടിലുപേക്ഷിച്ചുകോട്ടയത്ത് ദുരഭിമാനകൊല: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മൃതദേഹം തോട്ടിലുപേക്ഷിച്ചു
Kerala

കോട്ടയത്ത് ദുരഭിമാനകൊല: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മൃതദേഹം തോട്ടിലുപേക്ഷിച്ചു

Sithara
|
5 Jun 2018 4:48 PM GMT

കെവിന്‍റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം അംഗീകരിക്കാതിരുന്ന വധുവിന്‍റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു

കോട്ടയത്ത് ദുരഭിമാനകൊല. വധുവിന്‍റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ ദലിത് ക്രിസ്ത്യാനിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി‍. കുമാരനെല്ലൂര്‍ സ്വദേശി കെവിന്‍റെ മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്.

നടന്നത് ദുരഭിമാനകൊല

കെവിന്‍റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം വധുവിന്‍റെ ബന്ധുക്കള്‍ അംഗീകരിച്ചില്ല. കൊല്ലം പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവീട്ടിലായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്ന് വാഹനങ്ങളില്‍ എത്തി വീട്ടില്‍ കയറി മൂന്ന് ദിവസം മുന്‍പ് കെവിനെ തട്ടിക്കൊണ്ടുപോയി.

പൊലീസ് വീഴ്ച, നടപടി

കെവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നതില്‍ വീഴ്ച വരുത്തി. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം അന്വേഷിക്കാമെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. ഇന്ന് രാവിലെ പുനലൂരില്‍ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ എം എസ് ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തു. കോട്ടയം എസ്പി വി എം മുഹമ്മദ് റഫീഖിനെയും സ്ഥലംമാറ്റി.

പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും

പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളില്‍ രണ്ട് പേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇടമണ്‍ യൂണിറ്റ് പ്രസിഡന്‍റ് നിയാസും ഡിവൈഎഫ്ഐ സൈബര്‍ വിങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇഷാലുമാണ് പ്രതിപ്പട്ടികയിലുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഇവരെ ഡിവൈഎഫ്ഐ പുറത്താക്കി.

പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയില്‍

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഇഷാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന് ഇഷാന്‍ മൊഴി നല്‍കി. ഇവരെ പിടികൂടാന്‍ 12 അംഗ പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പോയി.

മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍

കെവിനെ അതിക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് ലഭിച്ചത്.

പ്രതിഷേധം, സംഘര്‍ഷം

കെവിന്‍രെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ വന്‍ പ്രതിഷേധവും ഉപരോധവും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദലിത് സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം.

കോട്ടയത്ത് നാളെ ഹര്‍ത്താല്‍

കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Similar Posts