കെവിന്റെ കൊലപാതകം; ഗാന്ധിനഗര്‍ പൊലീസ് പ്രതികളെ സഹായിച്ചെന്ന് ഐജി വിജയ് സാക്കറെ
|എ എസ് ഐ ബിജുവിനെയും പൊലീസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു
കെവിന്‍ കൊലപാതകത്തില്‍ പൊലീസിന് പങ്ക്. ഗാന്ധിനഗര്‍ പൊലീസ് പ്രതികളെ സഹായിച്ചെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. എ എസ് ഐ ബിജുവിനെയും പൊലീസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. എസ് ഐ ഷിബുവും എ എസ് ഐ ബിജുവും കേസ് നിസാരവത്കരിച്ചുവെന്നും ഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്.എഎസ്ഐയേയും പൊലീസ് ഡ്രൈവറേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ വാഹനം പുലര്‍ച്ചെ തന്നെ ഗാന്ധിനഗര്‍ എ എസ് ഐയും പൊലീസ് ഡ്രൈവറും തടഞ്ഞിരുന്നു. പ്രതികളുടെ ഉദ്ദേശം എ എസ് ഐ ബിജുവിന് ബോധ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വിജയ് സാക്കറെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം ബിജു പ്രതികളുമായി സന്ധി സംഭാഷണം നടത്തി. 9 മണിയോടെ എസ് ഐ ഷിബു സ്റ്റേഷനിലെത്തി ഇരുവരും സംഭവത്തെ കുറിച്ച് ചര്‍ച്ച സംസാരിച്ചു. കുടുംബ പ്രശ്നമാണെന്നും കെവിനെ പ്രതികള്‍ വിട്ടയച്ചെന്നുമുള്ള നിഗമനത്തില്‍ ഇരുവരും എത്തി. ഇരുവരും കേസ് നിസാരവത്കരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ് ഐ വിവരം മുകളിലേക്ക് അറിയിക്കാത്തതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു .
പൊലീസ് ഡ്രൈവറെയും എ എസ് ഐയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് വിജയ് സാക്കറെ പറഞ്ഞു. ഗാന്ധിനഗര്‍ എസ്ഐക്ക് പതിനായിരം രൂപ നല്‍കിയെന്ന് പ്രതി ഷാനു ചാക്കോ പറയുന്നത് കേട്ടെന്ന് കെവിന്റെ ബന്ധു പറഞ്ഞു .ഈ ആരോപണത്തില്‍ എ എസ്ഐക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും വിജയ് സാക്കറെ ശിപാര്‍ശ ചെയ്തു.