കെവിനെ കാണാതായ സംഭവം: കോട്ടയം എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു
|എസ്പിയെ വിളിച്ചുവരുത്തി കേസിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു മുഹമ്മദ് റഫീക്ക് മുഖ്യമന്ത്രിക്ക് നൽകിയ മറുപടി.
കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. എസ്പിയെ വിളിച്ചുവരുത്തി കേസിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു മുഹമ്മദ് റഫീക്ക് മുഖ്യമന്ത്രിക്ക് നൽകിയ മറുപടി.
കോട്ടയം മെഡിക്കൽ കോളജിലെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി വിവരം അറിഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് തന്നെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ഉടൻ തന്നെ അന്നത്തെ കോട്ടയം എസ്പിയെ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നുണ്ട് എന്ന് മുഹമ്മദ് റഫീക്ക് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ പേരിലാണ് മുഹമ്മദ് റഫീഖിനെ കോട്ടയം എസ്പി സ്ഥാനത്ത് നിന്ന് നീക്കിയത്
അതേസമയം അന്വേഷണം നാല് ദിവസം പിന്നിടുമ്പോള്‍ സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് ഐജി പറയുന്നത്. കെവിന്‍റെയും നീനുവിന്‍റെയും പ്രണയ ബന്ധത്തില്‍ ബന്ധുക്കള്‍ക്ക് ഉണ്ടായ എതിര്‍പ്പാണ് കൊലപാതകത്തില്‍
കലാശിച്ചതെന്നാണ് നിഗമനം.
നീനുവിന്റെ അമ്മ രഹനയുടെ പങ്ക് കേസില്‍ നിര്‍ണ്ണായകമാണ്. ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രതികള്‍ കെവിനുമായി തെന്മല ഭാഗത്തേക്ക് പോയതിന്‍റെയും തിരിച്ചുവന്നതിന്‍റെയും ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.