Kerala
കെവിന്‍ കൊലപാതകക്കേസില്‍ ബാക്കി 5 പേർ പിടിയിൽകെവിന്‍ കൊലപാതകക്കേസില്‍ ബാക്കി 5 പേർ പിടിയിൽ
Kerala

കെവിന്‍ കൊലപാതകക്കേസില്‍ ബാക്കി 5 പേർ പിടിയിൽ

Khasida
|
5 Jun 2018 9:29 AM GMT

പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കെവിൻ കൊലക്കേസിൽ പിടികിട്ടാനുണ്ടായിരുന്ന ബാക്കി 5 പേർ പിടിയിൽ. വിഷ്ണു,ഷാനു, ഷിനു എന്നിവരെ പാലക്കാട്ടും ഫൈസൽ, റമിഷ് എന്നിവര്‍ പുനലൂരുമാണ് പിടിയിലായത്. രാത്രി 12 മണിക്ക് പുനലൂർ, കാഞ്ഞിരം മല സ്വദേശി അപ്പൂസ് എന്ന് വിളിക്കുന്ന ഫൈസൽ, പുനലൂർ നേതാജി വാർഡിൽ റമീഷ് എന്നിവരെ പുനൂലൂർ എസ്ഐ ജെ. രാജീവിന്റെ നേതൃത്വത്തിലുള സംഘം പിടികൂടി അന്വേഷണ സംഘത്തിന് കൈമാറി.

കേസിലെ പ്രതികളെ ഇന്ന് കൊല്ലം പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി ഷാനു, പിതാവ് ചാക്കോ അടക്കമുള്ള പ്രതികളെ കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെത്തിക്കും. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിന് സമീപമായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. അതിനുശേഷം ഗൂഢാലോചന നടന്ന ചാക്കോയുടെ വീട്, കെവിനെയും കൊണ്ട് സംഘം വാഹനത്തില്‍ സഞ്ചരിച്ച വഴികള്‍, ഷാനു ചാക്കോ കൃത്യത്തിനുശേഷം കടന്ന പത്തനാപുരം എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും.

ചാലിയേക്കര തോടിനു സമീപത്തെ പാലത്തിൽ നിന്ന് കെവിനെ വലിച്ചെറിഞ്ഞതാണോയെന്നും പരിശോധിക്കും. വാഹനം ഓടിച്ചിരുന്ന നിയാസിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.

കെവിന്റെ കൊലപാതക കേസിലെ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇന്നലെ അപേക്ഷ നല്കിയെങ്കിലും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കെവിന്‍ കൊലപാതക കേസില്‍ പ്രധാന പ്രതിയായ ഷാനു ചാക്കോയില്‍ നിന്നും സംഭവം നടക്കുന്നതിന് മുന്‍പ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് എഎസ്ഐ ബിജുവിനേയും ഡ്രൈവര്‍ അജയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. സാക്ഷികളെ സ്വാധീനിക്കുമെന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്. കസ്റ്റഡി അപേക്ഷ നല്കാന്‍ സമയം അനുവദിക്കണമെന്നും പൊലീസ് വാദിച്ചതോടെയാണ് കേസ് ഇന്നത്തേക്ക് കോടതി മാറ്റിവെച്ചത്. കസ്റ്റഡി അപേക്ഷയില്‍ വിധി പറഞ്ഞ ശേഷമേ ഇന്ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു.

Similar Posts