Kerala
സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈകോടതിയില്‍സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈകോടതിയില്‍
Kerala

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈകോടതിയില്‍

Sithara
|
5 Jun 2018 1:41 PM GMT

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എം.കെ. ദാമോദരന്‍ ഹൈകോടതിയില്‍

ലോട്ടറി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ എം കെ ദാമോദരന്‍ ഹൈകോടതിയില്‍ ഹാജരായി. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. മാര്‍ട്ടിനെതിരെയുള്ള അന്വേഷണം സിബിഐ അവസാനിപ്പിച്ചത് കീഴ്‍കോടതി അംഗീകരിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹൈകോടതിയിലെത്തിയത്.

‍അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് നടപടി തടയണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യം മാര്‍ട്ടിന്‍ ചെയ്തിട്ടില്ലെന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും എം കെ ദാമോദരന്‍ കോടതിയെ അറിയിച്ചു. മാര്‍ട്ടിനും മറ്റ് പ്രതികളും സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍, നഷ്ടമുണ്ടായിട്ടില്ലെന്ന് സിക്കിം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന് ഹരജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കേസുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമാണെന്ന് ദാമോദരന്‍ വാദിച്ചു.

സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ജോയിന്‍റ് ഡയറക്ടര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്. ഈ നടപടി റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നടപടിക്കെതിരെ അഡ്ജുഡിക്കേറ്റിങ് അതോറിട്ടി മുമ്പാകെ ഹരജിക്കാരന്റെ സ്ഥാപനത്തിന്റെ അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഹരജി ഹൈകോടതിയില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് സിബിഐയുടെ നിലപാടറിയാന്‍ ഹരജി, ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

Similar Posts