രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ; കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകും
|മുന്നണി ശക്തിപ്പെടുത്തുന്നതിനാണ് തീരുമാനമെന്ന നേതൃത്വത്തിന്റെ വിശദീകരണം അണികള്‍ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടിട്ടില്ല
രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകും. മുന്നണി ശക്തിപ്പെടുത്തുന്നതിനാണ് തീരുമാനമെന്ന നേതൃത്വത്തിന്റെ വിശദീകരണം അണികള്‍ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടിട്ടില്ല. നേതൃത്വത്തെ ലക്ഷ്യമാക്കിയാണ് വിമര്‍ശനം.
ഘടകക്ഷികള്‍ക്ക് മുന്നില്‍ പാര്‍ട്ടി നേതൃത്വം കീഴടങ്ങിയെന്ന വിമര്‍ശമാണ് കോണ്‍ഗ്രസ് അണികള്‍ക്കും ഒരു വിഭാഗം നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശം വി എം സുധീരന് ഉള്‍പ്പെടെ ഗ്രൂപ്പിന് പുറത്തുള്ള നേതാക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞു. നേതാക്കളുടെ കോലം കത്തിക്കല്‍ വരെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.
രണ്ട് ഗ്രൂപ്പിലെയും നേതാക്കളും പരസ്യ വിമര്‍ശം ഉന്നയിക്കുന്നില്ലെങ്കിലും അതൃപ്തി പുകയുന്നുണ്ട്. ഇത്തരത്തില്‍ അസ്വാരസ്യമുള്ള പാര്‍ട്ടിയെ വിശ്വാസത്തിലെടുപ്പിക്കുക എന്നതാവും കോണ്‍ഗ്രസ് നേതാക്കളുടെ പ്രധാന ദൌത്യം. കേരളകോണ്‍ഗ്രസ് മുന്നണി വിട്ടപ്പോള്‍ ഏറ്റെവും കൂടുതല്‍ പ്രശ്നങ്ങളുണ്ടായ കോട്ടയത്ത് രണ്ട് പാര്‍ട്ടികളും തമ്മിലുള്ള മുറിവുണക്കുക എന്നതും ശ്രമകരമാകും. മുന്നണി വിട്ടപ്പോഴത്തെ പ്രശ്നങ്ങള്‍ നിലനില്ക്കുന്നുവെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ട എം എല്‍ എ മാരുട പ്രതിഷേധവും പാര്‍ട്ടിക്കും മുന്നണിക്കും തലവേദനയാണ്. മുസ്ലിം ലീഗ് പാര്‍ട്ടി തീരുമാനത്ത സ്വാധീനച്ചതും പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകും.