Kerala
കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍
Kerala

കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍

Jaisy
|
17 Jun 2018 5:29 PM GMT

പ്രാഥമിക റിപ്പോർട്ട് സംഘം എറണാകുളം റേഞ്ച് ഐജിക്ക് സമർപ്പിച്ചു

കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. കെവിന്‍ പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയില്‍ പുഴയില്‍ കൊണ്ടുവന്ന് ഇട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരാന്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നുമാണ് കെവിന്റേത് മുങ്ങിമരണം തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിയത്. ഈ റിപ്പോര്‍ട്ട് ഐജിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ കെവിന്‍ രക്ഷപെടുന്നതിനിടെ പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയിലായ കെവിനെ പ്രതികള്‍ പുഴയില്‍ കൊണ്ടുവന്നിട്ടതാണോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന് ഒരു നിഗമനത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവം നടന്ന തെന്മലയിലെ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധന നടത്താനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

കെവിന്റെ ശരീരത്തിലെ 16 മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതാകും പ്രധാനമായും പരിശോധിക്കുക. ആന്തരകി അവയവങ്ങളുടെ പരിശോധന ഫലവും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. കെവിന്‍ തെന്‍മലയില്‍ വെച്ച് രക്ഷപ്പെട്ടു എന്ന മൊഴിയില്‍ പ്രതികളും ബോധരഹിതനായ കെവിനെ കാറില്‍ നിന്നും പുറത്തിറക്കി കിടത്തുന്നത് കണ്ടു എന്ന മൊഴിയില്‍ ഏക സാക്ഷിയായ അനീഷും ഉറച്ച് നിന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വിദഗ്ധ അഭിപ്രായം മെഡിക്കല്‍ ബോര്‍ഡിനോട് അന്വേഷണ സംഘം ആരാഞ്ഞത്. മരണം എങ്ങനെ എന്നത് സംബന്ധിച്ച് വ്യക്തത വന്നാല്‍ മാത്രമേ കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് തയ്യാറാക്കാന്‍ സാധിക്കൂ.

Similar Posts