കൊച്ചി മെട്രോ രണ്ടാം വര്‍ഷത്തിലേക്ക്; ജൂൺ 19ന് സൗജന്യയാത്ര
|കൊമേഴ്സ്യൽ സർവീസ് ആരംഭിച്ച ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണ് പിറന്നാള്‍ സമ്മാനമായി നല്‍കുന്നത്.
കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് നാളേക്ക് ഒരു വര്‍ഷം. ഒന്നാം വാര്‍ഷികം ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. കൊമേഴ്സ്യൽ സർവീസ് ആരംഭിച്ച ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണ് പിറന്നാള്‍ സമ്മാനമായി നല്‍കുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ജൂണ്‍ പതിനേഴിന് കൊച്ചി നഗരത്തിന് മുകളിലൂടെ മെട്രോ ചൂളംവിളിച്ച് കുതിച്ച് പാഞ്ഞത്. സ്വപ്നപദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിദിന യാത്രാ ശരാശരി നാല്പതിനായിരത്തിലേക്ക് ഉയര്‍ന്നു. പൊലിമ ചോരാതെയുള്ള പിറന്നാള്‍ ആഘോഷ പരിപാടികളാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. നാളെ ഇടപ്പള്ളി സ്റ്റേഷനില്‍ കൊച്ചിയിലെ മുഴുവന്‍ ജനപ്രതിനിധികളും ചേര്‍ന്ന് കേക്ക് മുറിച്ച് രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമിടും. ചൊവ്വാഴ്ച ആര്‍ക്കും രാവിലെ മുതല്‍ രാത്രി വരെ മെട്രോയില്‍ സൌജന്യമായി സഞ്ചരിക്കാം. കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും യാത്രക്കാര്‍ക്കായി ഒരുക്കിയിയിട്ടുണ്ട്.
പ്രതിദിന നഷ്ട ശരാശരി 12 ലക്ഷത്തിലേക്ക് ചുരുങ്ങിയെന്നത് പ്രതീക്ഷ പകരുന്ന ഘടകമാണെന്ന് കെഎംആര്‍ എല്‍ എംഡി പറഞ്ഞു. കൊച്ചി വണ്‍ കാര്‍ഡിലെ ഇളവും ദിവസ യാത്രക്കാര്‍ക്കായുള്ള സീസണ് ടിക്കറ്റും വിനോദ സഞ്ചാരികള്‍ക്കായുള്ള പ്രതിദിന പാസും പിറന്നാള്‍ സമ്മാനമാണ്.
ആദ്യ ഘട്ടത്തിലെ മഹാരാജാസ് മുതലുള്ള ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിന്റെ സാങ്കേതിക പഠനങ്ങളും അന്തിമ ഘട്ടത്തിലാണ്. വാട്ടര്‍ മെട്രോ സര്‍വീസ് അടുത്ത വര്‍ഷത്തോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.