Kerala
തീരദേശവാസികള്‍ക്ക് സൗജന്യ റേഷന്‍; വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യംതീരദേശവാസികള്‍ക്ക് സൗജന്യ റേഷന്‍; വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യം
Kerala

തീരദേശവാസികള്‍ക്ക് സൗജന്യ റേഷന്‍; വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യം

Subin
|
18 Jun 2018 4:19 AM GMT

കടലില്‍ നിന്ന് 50 മീറ്റര്‍ ദൂരപരിധിയിലുള്ളവര്‍ക്ക് മാത്രം സൗജന്യ റേഷന്‍ അനുവദിക്കുന്ന ഉത്തരവിനെതിരെ എല്‍ഡിഎഫിനകത്തു തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കടല്‍ക്ഷോഭത്തിനിരയായ തീരദേശവാസികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി. ആലപ്പുഴ ജില്ലയിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കടലില്‍ നിന്ന് 50 മീറ്റര്‍ ദൂരപരിധിയിലുള്ളവര്‍ക്ക് മാത്രം സൗജന്യ റേഷന്‍ അനുവദിക്കുന്ന ഉത്തരവിനെതിരെ എല്‍ഡിഎഫിനകത്തു തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കടല്‍ക്ഷോഭത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ട തീരദേശ നിവാസികളുടെ പുനരധിവാസത്തിനായി ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് വിവാദ പരാമര്‍ശമുള്ളത്. വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മാത്രം 15 കിലോ അരി സൗജന്യമായി നല്‍കാനാണ് ഉത്തരവ്. എന്നാല്‍ ഇങ്ങനെയൊരു മാനദണ്ഡം വെച്ച് തീര പ്രദേശത്ത് കണക്കെടുക്കാന്‍ പോകാനാവില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വിലയിരുത്തല്‍ യോഗത്തില്‍ സ്വീകരിച്ചത്.

50 മീറ്റര്‍ ദൂരപരിധിയിലുള്ളവര്‍ക്ക് മാത്രം റേഷനെന്ന മാനദണ്ഡം മന്ത്രിസഭ അംഗീകരിച്ചതല്ലെന്ന് നേരത്തെ തന്നെ മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചിരുന്നു. കടല്‍ത്തീരത്ത് ഭിത്തി കെട്ടാന്‍ നടപടിയില്ലാത്തതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ജിയോ ട്യൂബിടാനും കല്ലിടാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്.

Related Tags :
Similar Posts