ഉരുള്‍പൊട്ടിയ കരിഞ്ചോല മലയിലെ തടയണകളെ കുറിച്ച് അന്വേഷണം
|കരിഞ്ചോലമലയില്‍ തടയണകള്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലെ തടയണകളെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ദുരന്തം മുന്‍കൂട്ടി കാണുന്നതില്‍ നിലവില്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കാലവര്‍ഷ കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
വടക്കന്‍ ജില്ലകളിലുണ്ടായ പ്രകൃതിക്ഷോഭം നേരിടുന്നതിലെ വീഴ്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് റവന്യുമന്ത്രി അവകാശപ്പെട്ടു. ഗതാഗത തടസ്സമുണ്ടായതിനാലാണ് ദുരന്ത നിവാരണ സേന എത്താന്‍ വൈകിയത്.
കരിഞ്ചോലമലയില്‍ തടയണകള്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.