കരിഞ്ചോലമലയിലെ നഷ്ടംകണക്കാക്കാന്‍ 23ന് യോഗം
|40 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് നിലവിലെ കണക്ക്.
കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ നഷ്ടം കണക്കാക്കുന്നതിന് 23ന് പ്രത്യേക യോഗം ചേരും. റവന്യു, കൃഷി വകുപ്പുകളുടെ സംയുക്ത യോഗത്തിലേക്ക് ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. 40 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് നിലവിലെ കണക്ക്.
രക്ഷാപ്രവർത്തനം അവസാനിച്ച സാഹചര്യത്തിൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് ആണ് ഇനി ശ്രദ്ധ. 9 വീടുകൾ പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. 18 കോടി 80 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. 56 ഏക്കർ കൃഷി നശിച്ചു. പൊതുമരാമത്തിനും കെഎസ്ഇബിക്കും കോടികളുടെ നഷ്ടമുണ്ട്. ഈ സാഹചര്യത്തിലാണ് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേകം യോഗം വിളിച്ചത്.
23ന് യോഗത്തിന് എത്തുമ്പോൾ അതുവരെ ലഭിച്ച നഷ്ടങ്ങളുടെ കണക്കുകൾ അറിയിക്കണം എന്ന് താമരശ്ശേരി തഹസിൽദാർക്ക് നിർദേശം ലഭിച്ചു. കരിഞ്ചോലമല കൂടാതെ കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ, കാൽവരി എന്നിവിടങ്ങളിലും 14ആം തിയ്യതി ഉരുൾപൊട്ടിയിരുന്നു. ഇതേതുടർന്ന് പാറകളും ചെളിയും പ്രദേശത്തെ വീടുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ ഇന്ന് തുടങ്ങും.