സിപിഎം നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വരാപ്പുഴ കേസ് അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷം
|അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി
വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിപിഎം നേതാക്കളിലേക്ക് എത്തുമെന്ന ഭയം കൊണ്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി മറുപടി നൽകി. എ വി ജോർജിന് അനുകൂലമായ നിയമോപദേശത്തിലോ അന്വേഷണത്തിലോ സർക്കാർ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സബ്മിഷനായാണ് പ്രതിപക്ഷം വിഷയം സഭയിലുന്നയിച്ചത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്പിയെ പ്രതിയാക്കേണ്ടെന്ന നിയമോപദേശം കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ നിയമോപദേശം അടിയന്തര പ്രമേയമായി അനുവദിക്കാൻ കഴിയില്ലെന്നും ആദ്യ സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ അറിയിച്ചു. എ വി ജോർജിന് അനുകൂലമായ നിയമോപദേശത്തോടെ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയാണെന്ന് സബ്മിഷൻ അവതരിപ്പിച്ച വി ഡി സതീശൻ പറഞ്ഞു.
എന്നാൽ ഏതെങ്കിലും നിയമസംവിധാനം ഇടപെട്ടതിന് ശേഷമല്ല ശ്രീജിത്തിന്റെ കാര്യത്തിൽ നടപടി സ്വീകരിച്ചതെന്നും നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, എ വി ജോർജിനെതിരെ തെളിവ് കിട്ടിയാൽ അന്വേഷണ സംഘം തുടർ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നത് കൊണ്ട് സിബിഐ അന്വഷണം ആവശ്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.
ആള് മാറി ഒരാളെ പിടിച്ച് പൊലീസ് കൊലപ്പെടുത്തുന്നത് കേരളത്തിൽ ആദ്യമാണെന്നും സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തുവരികയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം സഭ വിട്ടു.