Kerala
വരാപ്പുഴ കസ്റ്റഡിക്കൊലപാതകം; പൊലീസിന് കോടതിയുടെ വിമര്‍ശം
Kerala

വരാപ്പുഴ കസ്റ്റഡിക്കൊലപാതകം; പൊലീസിന് കോടതിയുടെ വിമര്‍ശം

Web Desk
|
21 Jun 2018 2:30 PM GMT

ആര്‍.ടി.എഫ് ഉണ്ടാക്കിയ ജില്ലാ പൊലീസ് മേധാവിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ കോടതി, ആര്‍.ടി.എഫ് രൂപീകരണം തന്നെ നിയമ വിരുദ്ധമല്ലേയെന്ന് ചോദിച്ചു.

വരാപ്പുഴ കസ്റ്റഡി മരണകേസില്‍ പോലിസിന് ഹൈക്കോടതി വിമര്‍ശം. ആര്‍.ടി.എഫ് രൂപീകരിച്ചത് ജില്ലാ പോലിസ് മേധാവി അറിയാതെയാണോയെന്ന് കോടതി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി സി.ബി.ഐ കോടതിയെ അറിയിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി പോലിസിനെ വിമര്‍ശിച്ചത്. ആലുവ മുന്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആര്‍.ടി.എഫ് രൂപീകരിച്ചതിനെ കോടതി വിമര്‍ശിച്ചു. ആര്‍.ടി.എഫിന്റെ നിയമനകാര്യത്തില്‍ ജില്ലാ പോലിസ് മോധാവിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമല്ലേയെന്നും കോടതി ചോദിച്ചു.

സ്റ്റേഷന്‍ ഹൌസ് ഓഫിസറെ അറിയിക്കാതെ എങ്ങനെയാണ് ആര്‍.ടി.എഫുകാര്‍ അന്വേഷണം നടത്തിയതെന്നും കോടതി ആരാഞ്ഞു. ആര്‍.ടി.എഫ് രൂപീകരിച്ചത് തെറ്റാണെന്നും എന്നാല്‍ കേസില്‍ എസ്.പിക്കോ സര്‍ക്കാറിനോ ക്രമിനല്‍ കേസുമായി ബന്ധമില്ലെന്നും ഡി‍.ജി.പി സൂചിപ്പിച്ചു. അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും കൊലപാതകമാണെന്ന് ബോധ്യപ്പെട്ടിട്ടും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി വിധി പറയാന്‍ ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. കേസില്‍ വലിയ സഖാവിന്റെ പങ്കും അന്വേഷിക്കണമെന്ന് ശ്രീജിത്തിന്റെ മാതാവ് ശ്യാമള പറഞ്ഞു.

എസ്.പി എ.വി ജോര്‍ജിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി അന്വേഷണ സംഘത്തോട് വിശദീകരണം തേടി.

Similar Posts