ഗവാസ്കറുടെ അറസ്റ്റ് തടഞ്ഞു; കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി
|തിരുവനന്തപുരം കനകക്കുന്നില്‍ വച്ചാണ് പോലിസ് ഡ്രൈവറായ ഗവാസ്കറെ ബറ്റാലിയന്‍ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.
എഡിജിപി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്കറിന്റെ അറസ്റ്റ് അടുത്തമാസം നാല് വരെ ഹൈക്കോടതി തടഞ്ഞു. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഗവാസ്കറിന്‍റെ ഹരജിയില്‍ കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.
തിരുവനന്തപുരം കനകക്കുന്നില്‍ വച്ചാണ് പോലിസ് ഡ്രൈവറായ ഗവാസ്കറെ ബറ്റാലിയന്‍ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് അക്രമിച്ചതെന്നാണ് ഗവാസ്കര്‍ പരാതിയില്‍ പറയുന്നത്.
എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പോലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തന്നെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതി ദുര്‍ബലപെടുത്താനാണ് ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയിതിട്ടുള്ളതെന്നാണ് ഗവാസ്ക്കര്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. ഗവാസ്കറുടെയും എഡിജിപിയുടെ മകളുടെയും പരാതികളിലെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഹരജി അടുത്തമാസം നാലിന് വീണ്ടും പരിഗണിക്കും.
അതേസമയം ഗവാസ്കറിനെതിരെ എ.ഡി.ജി.പി സുധേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. ഗവാസ്കര്‍ അലക്ഷ്യമായി വാഹനമോടിച്ചിരുന്നതായാണ് എ.ഡി.ജി.പിയുടെ പരാതി. ഇങ്ങനെയാണ് ഗവാസ്കറിന്‍റെ കഴുത്തിന് പരിക്കേറ്റത്. തനിക്ക് സുരക്ഷാ ഭീഷണയുണ്ടെന്നും സുധേഷ് കുമാര്‍ പരാതിയില്‍ പറഞ്ഞു.