തോട്ടം മേഖലയിലെ പ്ലാന്റേഷൻ നികുതിയും കാർഷിക ആദായ നികുതിയും ഒഴിവാക്കി
|തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച കൃഷ്ണൻ നായർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനമെടുത്തത്
തോട്ടം മേഖലയിലെ പ്ലാന്റേഷൻ നികുതി, കാർഷിക ആദായ നികുതി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച കൃഷ്ണൻ നായർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനമെടുത്തത്.
തോട്ടം മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രശ്നങ്ങൾ പഠിക്കാൻ കൃഷ്ണൻ നായർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. ചെറുകിടക്കാർക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ തോട്ടം മേഖലക്ക് ഇളവ് നൽകണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റേഷൻ നികുതി, കാർഷിക ആദായ നികുതി, റബർമരം വെട്ടുമ്പോൾ സർക്കാരിന് നൽകേണ്ട തുക എന്നിവ ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. തൊഴിലാളികളുടെ ലയങ്ങൾ പ്ലാന്റേഷൻ ഉടമകളും സർക്കാരും ചേർന്ന് നന്നാക്കാനും തീരുമാനമുണ്ട്.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിന് കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പെന്‍ഷനുകള്‍ മൂന്ന് മാസത്തിലൊരിക്കലോ ഉത്സവകാലങ്ങളിലോ ആണ് വിതരണം ചെയ്യുന്നത്. അതുമാറ്റി പെൻഷനുകൾ മാസാമാസം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്. കമ്പനിയില്‍ 100 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും.
ഹരിത കേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാല് മിഷനുകളുടെ കോ ഓര്‍ഡിനേറ്ററായി ചെറിയാന് ഫിലിപ്പിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.