എഡിജിപിയുടെ മകളുടെ മൊഴിയില്‍ വൈരുദ്ധ്യം
|പൊലീസ് വാഹനമിടിച്ചാണ് പരിക്കേറ്റതെന്നാണ് വനിതാ സിഐക്ക് നല്കിയ മൊഴി
പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ മര്‍ദ്ദിച്ചെന്ന പരാതിയിലെ എഡിജിപിയുടെ മകളുടെ മൊഴിയില്‍ വൈരുദ്ധ്യം. പൊലീസ് വാഹനമിടിച്ചാണ് പരിക്കേറ്റതെന്നാണ് വനിതാ സിഐക്ക് നല്കിയ മൊഴി. എന്നാല്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റെന്നാണ് ആശുപത്രി രേഖയിലുള്ളത്. കേസ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.
കഴിഞ്ഞ് 13നാണ് എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതി നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ പറഞ്ഞത് ഓട്ടോ ഇടിച്ചാണ് പരിക്കേറ്റതെന്നാണ്. വനിതാ സിഐ ക്ക് നല്കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. രണ്ട് മൊഴികളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ചിച്ചിട്ടുണ്ട്. അതേസമയം ഗവാസ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. എഡിജിപിയുടെ മകള്‍ നല്കിയ പരാതിയിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തുക. എഡിജിപിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമെ ഗവാസ്കറിന്റെ മൊഴി രേഖപ്പെടുത്തുകയുള്ളു . ഇതിനിടെ കേസ് വൈകിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. തന്റെ നായയെ അജ്ഞാതര്‍ ആക്രമിച്ചെന്ന് കാണിച്ച് എഡിജിപി പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.