ജോര്‍ജ് ആലഞ്ചേരിയെ ഭരണച്ചുമതലകളില്‍ നിന്ന് നീക്കി; മാർ ജേക്കബ് മനത്തോടത്ത് അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍
|ഭൂമി വിവാദത്തെ തുടര്‍ന്ന് എറണാകുളം -അങ്കമാലി അതിരൂപതയില്‍ അഴിച്ചുപണി.
ഭൂമി ഇടപാട് വിവാദത്തില്‍പെട്ട സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വന്‍ അഴിച്ചുപണി. പാലക്കാട് രൂപതാ മെത്രാൻ ജേക്കബ് മാനത്തോടത്തിനെ ഭരണച്ചുമതല നല്കി പുതിയ അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പായി നിയമിച്ചു. മാർ ജേക്കബ് മനത്തോടത്ത് എറണാകുളം- അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ഇന്ന് ചുമതലയേൽക്കും.
വത്തിക്കാന്‍ തീരുമാനത്തില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിയെ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിലനിര്‍ത്തി. സഹായ മെത്രാന്മാര്ക്ക് ഭരണച്ചുമതല നല്കിയ സിനഡ് തീരുമാനവും ഇതോടെ റദ്ദായി. ഭൂമിയിടപാട് വിവാദത്തിന്റെ പശ്ചാത്തലത്തിലുടലെടുത്ത ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ നിയമനം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിർവഹണ ചുമതലകൾ സഭാ സിനഡ് നേരത്തെ സഹായമെത്രാന്മാർക്ക് കൈമാറിയിരുന്നു. സഹായ മെത്രാൻമാരായ സെബാസ്റ്റ്യൻ എടയന്ത്രത്തും, ജോസ് പുത്തൻവീട്ടിലും വഹിച്ചിരുന്ന ഭരണനിർവണ ചുമതലകൾ പുതിയ ആർച്ച് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് ഏറ്റെടുക്കും.
ഫാദര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നൽകിയിരുന്ന അതിരൂപതാ അഡ്മിനിസ്ട്രേറ്റർ പദവി പുതിയ തീരുമാനത്തോടെ റദ്ദായി. സഹായമെത്രാന്മാർ തൽസ്ഥാനങ്ങളിൽ തുടരും. അതിരൂപതയിലെ വിവിധ കാനോനിക സമിതികളും, പാസ്റ്ററൽ കൗൺസിലും പുനസംഘടിപ്പിക്കാനും ഇതോടെ അവസരമൊരുങ്ങി . ജേക്കബ് മാനത്തോടത്ത് ഇന്ന് 3 മണിക്ക് ചുമതലയേല്‍ക്കും. പാലക്കാട് രൂപതാ മെത്രാൻ പദവിയിലും മാനത്തോടത്ത് തുടരും.
ഭൂമിക്കച്ചവട വിവാദത്തെത്തുടർന്നുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനപ്രകാരം രൂപതയുടെ ഭരണനിർവഹണച്ചുമതല കർദ്ദിനാൾ ആലഞ്ചേരി ഒഴിഞ്ഞിരുന്നു. സമവായ നീക്കം പാളിയതോടെയാണ് പുതിയ നിയമനം.