വിവര ശേഖരണ പെട്ടികള്‍ ഫലം കണ്ടോ? ജസ്‍നയ്ക്കു വേണ്ടിയുള്ള അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന
|ഊഹാപോഹങ്ങൾക്ക് പിറകെയുള്ള പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്ന് ജസ്നയുടെ പിതാവ്
പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെ കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന. വിവര ശേഖരണ പെട്ടികളിൽ നിന്ന് ലഭിച്ച സൂചനകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ഊഹാപോഹങ്ങൾക്ക് പിറകെയുള്ള പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്ന് ജസ്നയുടെ പിതാവ് പ്രതികരിച്ചു.
12 ഇടങ്ങളിൽ സ്ഥാപിച്ച വിവര ശേഖരണ പെട്ടിയിൽ നിന്ന് 50 സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ജസ്നയുടെ പിതാവിനെതിരായ സംശയങ്ങളാണ് ലഭിച്ചതിൽ ഏറെയും. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്നയുടെ പിതാവിന്റെ കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിൽ നിർമാണം പുരോഗമിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തി. മനുഷ്യ ശരീരം മറവ് ചെയ്തിട്ടുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കുന്ന സെൻസറുകൾ ഉപയോഗിച്ചും പരിശോധനകൾ തുടരും. എന്നാൽ ഊഹാപോഹങ്ങൾക്ക് പിന്നാലെയുള്ള പൊലീസ് അന്വേഷണം ഗുണം ചെയ്യില്ലെന്ന് ജസ്നയുടെ പിതാവ് പറഞ്ഞു.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ കുടുംബവും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ നടപടികൾ വേഗത്തിൽ വേണമെന്ന് അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. ജസ്നയുടെ ടെലഫോൺ രേഖകൾ സൈബർ സെൽ വിദഗ്ദരുടെ സഹായത്തോടെ വീണ്ടെടുത്തിരുന്നു. ഇവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.