Kerala
സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ തുറന്നു കാട്ടുന്നതില്‍ പാര്‍ടി പരാജയപ്പെട്ടെന്ന് മുസ്ലിം ലീഗില്‍ വിമര്‍ശനം
Kerala

സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ തുറന്നു കാട്ടുന്നതില്‍ പാര്‍ടി പരാജയപ്പെട്ടെന്ന് മുസ്ലിം ലീഗില്‍ വിമര്‍ശനം

Web Desk
|
22 Jun 2018 1:37 PM GMT

റിലീഫ് കിറ്റുകളുടെ വിതരണമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ തുറന്നു കാട്ടുന്നതില്‍ പാര്‍ടി പരാജയപ്പെട്ടെന്ന് മുസ്ലിം ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം..കടുത്ത ന്യൂനപക്ഷ വിരുദ്ധമായി പോലീസ് പെരുമാറിയിട്ടും ന്യൂനപക്ഷങ്ങളെ സര്‍ക്കാരിനെതിരെ സംഘടിപ്പിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞില്ലെന്ന് അഡ്വ.എന്‍ ഷംസുദ്ദീനാണ് യോഗത്തില്‍ വിമര്‍ശനമുന്നയിച്ചത്.

ഇക്കാര്യത്തില്‍ പാര്‍ടി പൂര്‍ണമായി പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫിനോട് അനുഭാവം പുലര്‍ത്തുന്നതിന്‍റെ തെളിവാണ് ചെങ്ങന്നൂരിലെ സി.പി.എം വിജയം. പാര്‍ടി തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ഈ വിമര്‍ശം ഉള്‍ക്കൊണ്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ യോഗത്തില്‍ പ്രതികരിച്ചത്.

റിലീഫ് വിതരണം കൊണ്ട് പാര്‍ടി വളരില്ലെന്ന അഭിപ്രായമാണ് കെ.എം ഷാജി ഉന്നയിച്ചത് . സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സഹായ പദ്ധതികള്‍ ഏറ്റെടുക്കുന്നതുകൊണ്ടാണ് ആക്ഷേപങ്ങള്‍ ഉണ്ടാകുന്നതെന്നും ഷാജി പറഞ്ഞു. റിലീഫുകള്‍ക്ക് നിയന്ത്രണവും ക്രോഡീകരണവും ഓഡിറ്റും വേണമെന്ന അഭിപ്രായവും ഉയര്‍ന്നു.

രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കിയത് യുഡിഎഫ് നേതൃത്വം കൂടിയാലോചിച്ച ശേഷമാണെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വിശദീകരിച്ചു.കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രശ്നങ്ങള്‍ ഗൌരവമുള്ളതാണെന്ന വിലയിരുത്തലും യോഗം നടത്തി.

Similar Posts