Kerala
പറളിയില്‍ കാട്ടാനകളിറങ്ങി; പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala

പറളിയില്‍ കാട്ടാനകളിറങ്ങി; പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Web Desk
|
22 Jun 2018 8:32 AM GMT

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് കാട്ടാന ശല്യം നിലനില്‍ക്കുകയാണ്

പാലക്കാട് പറളി ജനവാസമേഖലയില്‍ കാട്ടാനകളിറങ്ങി. ഇന്ന് പുലര്‍ച്ചെ മുതല്‍ പറളി പുഴയില്‍ നിലയുറപ്പിച്ചിരുന്ന രണ്ട് ആനകള്‍ കരയിലേക്ക് കയറി. ആനകളെ കാട്ടിലേക്ക് മടക്കാനുള്ള ശ്രമം വനംവകുപ്പും പൊലീസും തുടരുകയാണ്.

പറളി, പുതുപ്പരിയാരം , മുണ്ടൂര്‍ പഞ്ചായത്തുകളില്‍ മൂന്ന് ദിവസമായി കാട്ടാനകളുടെ ശല്യം തുടരുകയാണ്. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് രണ്ട് കാട്ടാനകള്‍ പറളി

ജനവാസമേഖലയിലിറങ്ങിയത്. പറളി പുഴയില്‍ നിലയുറപ്പിച്ച ആനകള്‍ കരയിലേക്ക് കയറിയത് മണിക്കൂറുകള്‍‍ക്ക് ശേഷം. തുടര്‍ന്ന് ആനകള്‍ ചന്തപ്പുര ഭഗത്തേക്ക് നീങ്ങി. ആനകളെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങളെ ഒഴിപ്പിക്കാനും പൊലീസ് നന്നേ പാടുപെട്ടു. വനംവകുപ്പും പൊലീസും പടക്കം പൊട്ടിച്ചാണ് ആനകളെ കരയിലേക്ക് കയറ്റിയത്. വൈകിട്ടോടെ ആനകള്‍ കാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. പറളി മേഖലയില്‍‍ ജാഗ്രത തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് അവധിയിലാണ്. മൂന്ന് മാസം മുന്‍പ് ഇതേ മേഖലയില്‍ കാട്ടാനകളിറങ്ങി മൂന്ന് ദിവസത്തോളം ആശങ്ക സൃഷ്ടിച്ചിരുന്നു. ആനകള്‍ ജനവാസ മേഖലയില്‍ തന്നെ തുടരുകയാണെങ്കില്‍ വിദഗ്ധ സംഘം പ്രദേശത്തെത്തും.

Similar Posts