മണ്ണെടുപ്പും പാറപൊട്ടിക്കലും തകൃതി; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ പുലിക്കുരുമ്പക്കാര്‍
|ഈ കൂറ്റന്‍ പാറക്കെട്ടുകള്‍ ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന ഭീതിയിലാണ് മലയടിവാരത്തെ നൂറ്കണക്കിന് മനുഷ്യര്‍.
കാലവര്‍ഷം കനത്തതോടെ ഏത് നിമിഷവും സംഭവിച്ചേക്കാവുന്ന ഒരു ദുരന്തത്തിന്റെ ഭീതിയിലാണ് കണ്ണൂര്‍ പുലിക്കുരുമ്പയിലെ ജനങ്ങള്‍. പുല്ലംവനം മലയില്‍ ക്വാറിക്ക് വേണ്ടി നടത്തുന്ന അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലുമാണ് ഈ പ്രദേശത്തെ ഭീഷണിയിലാഴ്ത്തുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് പുല്ലംവനം മലക്ക് മുകളിലെ ഈ കൂറ്റന്‍ പാറകള്‍ സ്ഥിതിചെയ്യുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശത്ത് ക്വാറി നിര്‍മ്മാണത്തിനായി മണ്ണെടുപ്പും പാറപൊട്ടിക്കലും തകൃതിയായി നടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കൂറ്റന്‍ പാറക്കെട്ടുകള്‍ ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന ഭീതിയിലാണ് മലയടിവാരത്തെ നൂറ്കണക്കിന് മനുഷ്യര്‍.
പ്രദേശത്തെ എണ്‍പതേക്കര്‍ സ്ഥലത്ത് ക്വാറി ആരംഭിക്കുന്നതിനായി സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷ നിലവില്‍ പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയുടെ മുന്നിലാണ്. നിരവധി തവണ ഉരുൾപൊട്ടലും മേഘസ്പോടനവും നടന്ന പ്രദേശമാണിത്. ആദിവാസി വിഭാഗമായ പെട്ട കരിമ്പാലർ ഉൾപ്പെടെ ഇരുന്നൂറിലധികം കുടുംബങ്ങൾ ഈ മലയുടെ അടിഭാഗത്ത് താമസിക്കുന്നുണ്ട്. ക്ഷേത്രവും പള്ളിയും സ്ക്കൂളും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളും ഇതിന്റെ വിളിപ്പാടകലെയാണ്.
കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവിടെ നേരിയ ഉരുള്‍പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. പാറക്കെട്ടിനു ചുവട്ടിലെ പത്തു മീറ്ററോളം ആഴത്തില്‍ തീര്‍ത്ത കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നതും ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.