Kerala
ഉരുള്‍പൊട്ടല്‍; പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
Kerala

ഉരുള്‍പൊട്ടല്‍; പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

Web Desk
|
23 Jun 2018 8:20 AM GMT

കരിഞ്ചോലമലയ്ക്ക് മുകളില്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കാനായി യാതൊരു വിധ അനുമതിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി

കരിഞ്ചോല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്. കരിഞ്ചോലമലയ്ക്ക് മുകളില്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കാനായി യാതൊരു വിധ അനുമതിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 147 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. നഷ്ടപരിഹാര തുക കുറവാണെന്ന് കുറ്റപ്പെടുത്തി യുഡിഎഫും രംഗത്ത് എത്തി.

ഉരുള്‍പൊട്ടലിനുള്ള പ്രധാന കാരണമായി പറയപ്പെടുന്ന വാട്ടര്‍ ടാങ്ക് നിര്‍മിക്കാനായി ആര്‍ക്കും ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് കട്ടിപ്പാറ പഞ്ചായത്തിന്റെ ഉറച്ച നിലപാട്. അത്തരത്തില്‍ അപേക്ഷ പോലും ലഭിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ വ്യക്തമാക്കി.

മലയോര മേഖലയിലെ അപകടകരമായ സ്ഥലത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാനുമായ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ പഞ്ചായത്ത് വെക്കും. മൂന്ന് ദുരുതാശ്വാസ കാംപുകളിലായി കഴിഞ്ഞ വരെ ഇന്നലെ രാത്രിയോടെ വാടക വീടുകളിലേക്ക് മാറ്റി. കരിഞ്ചോല,താഴ്വാരം, കാല്‍വരി,ചമല്‍,പൂവന്‍മല എന്നിവിടങ്ങളിലുള്ള 147 കുടുംബങ്ങളെയാണ് വാടക വീടുകളിലേക്ക് മാറ്റിയത്. ഉരുള്‍ പൊട്ടലില്‍ വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം 4 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 50 ലക്ഷം രൂപയുടെ കൃഷിയും ഇല്ലാതായി. നഷ്ടപരിഹാര തുക കുറവാണെന്ന വാദം അടക്കം ഉയര്‍ത്തി പ്രതിഷേധവുമായി യുഡിഎഫും രംഗത്ത് എത്തിയതോടെ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടി മാറ്റി വെച്ചിരുന്നു.

Similar Posts