Kerala
എസ്‍ബിഐയില്‍ എങ്ങനെ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൌണ്ട് തുടങ്ങാം...
Kerala

എസ്‍ബിഐയില്‍ എങ്ങനെ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൌണ്ട് തുടങ്ങാം...

Web Desk
|
23 Jun 2018 9:47 AM GMT

മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് എസ്‍ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് സമീപകാലത്ത് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. 

മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് എസ്‍ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് സമീപകാലത്ത് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. മിനിമം ബാലന്‍സില്ലാത്തതിന്‍റെ പേരില്‍ അക്കൌണ്ടില്‍ നിന്ന് സ്വന്തം പണം നഷ്ടപ്പെട്ടവരും കുറച്ചൊന്നുമല്ല.

ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗം കൂടിയായി ഈ സംവിധാനം. ഇതിന്‍റെ പേരില്‍ ഒരു തവണയെങ്കിലും പണം നഷ്ടപ്പെടാത്തവരും കുറവായിരിക്കും. സാധാരണക്കാര്‍ പലരും പുതിയൊരു അക്കൌണ്ട് തുടങ്ങുമ്പോള്‍ സേവിങ്സ് അക്കൌണ്ടായിരിക്കും തിരഞ്ഞെടുക്കുക. സേവിങ്സ് അക്കൌണ്ടിന് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൌണ്ടുകളും ഇതേ ബാങ്കുകള്‍ക്കുണ്ട്. സേവിങ്സ് അക്കൌണ്ടിന്‍റെ ഏകദേശം മുഴുവന്‍ സൌകര്യങ്ങളുമുള്ളതാണ് ഇത്. ബിഎസ്ബിഡി എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്.

ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി)

മിനിമം ബാലന്‍സ് പരിധിയെ കരുതി തലപുകയ്ക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സൌകര്യമാണ് ബിഎസ്‍ബിഡി. ഈ ഡെപ്പോസിറ്റ് അക്കൌണ്ട് തുറക്കുന്ന ഉപഭോക്താക്കള്‍ മിനിമം ബാലന്‍സ് കാത്തുസൂക്ഷിക്കേണ്ട കാര്യമില്ല. മറ്റു ബാങ്കുകള്‍ക്കൊപ്പം തന്നെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും ബിഎസ്ബിഡി അക്കൌണ്ട് തുറക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നുണ്ട്.

സാധാരണ സേവിങ് അക്കൌണ്ടുകള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പലിശയും ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ആര്‍ക്ക് വേണമെങ്കിലും ബിഎസ്ബിഡി അക്കൌണ്ട് തുറക്കാന്‍ കഴിയും. എസ്‍ബിഐക്ക് പുറമെ പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‍സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് തുടങ്ങിയവയിലും ബിഎസ്ബിഡി തുറക്കാന്‍ കഴിയും.

എങ്ങനെ ബിഎസ്ബിഡി അക്കൌണ്ട് തുറക്കാം

ഉപഭോക്താവിന് എസ്‍ബിഐയില്‍ മറ്റൊരു സേവിങ്സ് അക്കൌണ്ടുണ്ടാകരുതെന്നതാണ് പ്രധാന നിബന്ധന. ഇനി സേവിങ്സ് ബാങ്ക് അക്കൌണ്ടുണ്ടെങ്കില്‍ ബിഎസ്ബിഡി തുറക്കുമ്പോള്‍ ഇത് 30 ദിവസത്തിനുള്ളില്‍ റദ്ദാക്കപ്പെടും. അക്കൌണ്ട് തുറക്കാനോ സേവനം അവസാനിപ്പിക്കുമ്പോഴോ യാതൊരു ചാര്‍ജുകളും നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ബ്രാഞ്ചുകളുടെ ലൊക്കേഷന്‍ അനുസരിച്ച് എസ്‍ബിഐയില്‍ സേവിങ്സ് അക്കൌണ്ട് തുറക്കുമ്പോള്‍ ആയിരം രൂപ മുതല്‍ 3000 രൂപ വരെയാണ് മിനിമം ബാലന്‍സ് പരിധി.

വ്യക്തിഗത വിവരങ്ങളും വിലാസവും തെളിയിക്കുന്ന രേഖകള്‍ നല്‍കി ബിഎസ്ബിഡി അക്കൌണ്ട് തുറക്കാനുള്ള അപേക്ഷ നല്‍കാം. ബാങ്ക് ഈ രേഖകള്‍ പരിശോധിച്ച ശേഷം ബിഎസ്ബിഡി അനുവദിക്കും. വ്യക്തികള്‍ക്കും കൂട്ടായുമൊക്കെ ബിഎസ്ബിഡി അക്കൌണ്ട് തുറക്കാന്‍ കഴിയും. എസ്‍ബിഐയുടെ എല്ലാ ശാഖകള്‍ വഴിയും ബിഎസ്ബിഡി തുടങ്ങാം.

ഒരു കോടി രൂപ വരെ നിക്ഷേപമുള്ള ബിഎസ്ബിഡി അക്കൌണ്ടിന് 3.50 ശതമാനമാണ് പലിശ. ഒരു കോടി രൂപക്ക് മുകളില്‍ 4 ശതമാനം പലിശ ലഭിക്കും. എടിഎം വഴിയും ബാങ്കുകളിലെ വിഡ്രോവല്‍ ഫോം ഉപയോഗിച്ചും പണം പിന്‍വലിക്കാം. എടിഎം കാര്‍ഡ് ഉപയോഗത്തിന് വാര്‍ഷിക ചാര്‍ജൊന്നും ബിഎസ്ബിഡിക്കില്ല. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ പണമിടപാടുകള്‍ സൌജന്യമാണ്.

Similar Posts