Kerala
പ്രതിസന്ധിയെ സങ്കീര്‍ണ്ണമാക്കാതെ വിശ്വാസികള്‍ വാക്കുകളെ നിയന്ത്രിക്കണമെന്ന് അതിരൂപതയുടെ സര്‍ക്കുലര്‍
Kerala

പ്രതിസന്ധിയെ സങ്കീര്‍ണ്ണമാക്കാതെ വിശ്വാസികള്‍ വാക്കുകളെ നിയന്ത്രിക്കണമെന്ന് അതിരൂപതയുടെ സര്‍ക്കുലര്‍

Web Desk
|
24 Jun 2018 7:36 AM GMT

അതേ സമയം സര്‍ക്കുലര്‍ പ്രകാരം നിലവിലെ തസ്തികകളില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികര്‍ക്ക് പകരം പുതിയവരെ നിയമിച്ചതായും വ്യക്തമാക്കുന്നുണ്ട്

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ജേക്കബ് മനത്തോടത്തിന്റെ സര്‍ക്കുലര്‍ വായിച്ചു. അതിരൂപതക്ക് കീഴിലെ വിവിധ ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനക്കിടെയാണ് സര്‍ക്കുലര്‍ വായിച്ചത്. ഇന്നലെയാണ് വത്തിക്കാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് മുന്നില്‍ മനത്തോടത്ത് അപ്പസ്റ്റോലിക്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്.

ഇന്നലെ വൈകുന്നേരം എറണാകുളം സെന്റ്മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങിലാണ് എറണാകുളം- അങ്കമാലി അതിരൂപയിലെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ജേക്കബ് മനത്തോടത്ത് അധികാരമേറ്റത്.

അതിനു മുന്നോടിയായി അദ്ദേഹം പുറത്തിറക്കിയ സര്‍ക്കുലറില്‍ തന്റെ നിയമനം താത്ക്കാലികമാണെന്നും ഒരു രൂപതയുടെ മെത്രാന് തന്റെ ദൌത്യ നിര്‍വ്വഹണത്തില്‍ തടസങ്ങള്‍ ഉണ്ടായാല്‍ നിയമിക്കപ്പെടുന്ന തസ്തികയാണ് തന്റേതെന്നും വ്യക്തമാക്കുന്നുണ്ട്. തന്റെ ദൌത്യം വളരെ ബുദ്ധിമുട്ടുള്ളതാണെന്നും വിശ്വാസികളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും സര്‍ക്കുലറില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.

നിലവിലുള്ള പ്രതിസന്ധിയെ സങ്കീര്‍ണ്ണമാക്കാതെ ശാന്തമായി മറികടക്കുന്നതിന് വിശ്വാസികള്‍ വാക്കുകളെയും പ്രതികരണങ്ങേളേയും നിയന്ത്രിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. അതേ സമയം സര്‍ക്കുലര്‍ പ്രകാരം നിലവിലെ തസ്തികകളില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികര്‍ക്ക് പകരം പുതിയവരെ നിയമിച്ചതായും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും ജോസ് പുത്തന്‍ വീട്ടിലിനും അതിരൂപതയിലെ ഭരണ നിര്‍വ്വഹണ കാര്യങ്ങളില്‍ യാതൊരു പങ്കുമില്ലാതെയാവും. അതിരൂപതയ്ക്കുണ്ടായ ദുഷ്പ്പേര് മാറ്റുവാന്‍ സാധിക്കണമെന്നും തന്റെ ദൌത്യ സമാധാനം സ്ഥാപിക്കുക എന്നതാണെന്നും ഇന്നലെ നടന്ന സ്ഥാനാരോഹണ ചടങ്ങിലും ജേക്കബ് മനത്തോടത്ത് വ്യക്തമാക്കിയിരുന്നു.

Similar Posts