തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതംമാറ്റത്തിന്റെ സാധുത പരിശോധിക്കേണ്ടെന്ന് കോടതി
|തൃശൂര്‍ സ്വദേശി പ്രവണവും ഫിലിപ്പൈന്‍ സ്വദേശിനിയുമായി നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്റെ രജിസ്‌ട്രേഷന്‍ അധികാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും നല്‍കിയ ഹരജിയിലാണ്
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മതംമാറ്റത്തിന്റെ സാധുത പരിശോധിക്കേണ്ടെന്ന് ഹൈക്കോടതി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായാണോ വിവാഹം നടന്നിട്ടുള്ളതെന്ന വിലയിരുത്തല്‍ മാത്രം മതിയെന്നും കോടതി വ്യക്തമാക്കി.
തൃശൂര്‍ സ്വദേശി പ്രവണവും ഫിലിപ്പൈന്‍ സ്വദേശിനിയുമായി നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്റെ രജിസ്‌ട്രേഷന്‍ അധികാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോള്‍ മതം മാറ്റത്തിന്റെ സാധുത സംബന്ധിച്ച് സംശയമുള്ളതിനാല്‍ വിവാഹത്തിന്റെ നിയമ സാധുതയും രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തു. രജിസ്‌ട്രേഷന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.
വിവാഹങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കണം. നിയമപരമായി വിവാഹത്തിന് സാധുതയുണ്ടോ, ഇരുവരും വിവാഹിതരാകാന്‍ പറ്റുന്നവരാണോ എന്നീ കാര്യങ്ങള്‍ മാത്രമേ ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതുള്ളു. വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലോ മതേതര നിയമ പ്രകാരമോ ആണോ ഇരുവരും വിവാഹിതരായിരിക്കുന്നത് എന്നത് മാത്രമേ പ്രഥമദൃഷ്ട്യാ ബോധ്യമാകേണ്ടതുള്ളൂ. മതം മാറ്റത്തിന്റെ സാധുതയും സാഹചര്യങ്ങളുമൊന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.