Kerala
പെരിങ്ങമലയില്‍ മാലിന്യസംസ്കരണ പ്ലാന്റ്: സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട്ടുകാര്‍
Kerala

പെരിങ്ങമലയില്‍ മാലിന്യസംസ്കരണ പ്ലാന്റ്: സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട്ടുകാര്‍

Web Desk
|
25 Jun 2018 7:38 AM GMT

കുടിവെള്ള ശ്രോതസായ ചിറ്റാര്‍ നദിക്കടുത്തായാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പെരിങ്ങമലയില്‍ ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം പെരിങ്ങമലയില്‍ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട്ടുകാര്‍. പരിസ്ഥിതി ലോല പ്രദേശമായ പെരിങ്ങമലയില്‍ ഖരമാലിന്യത്തില്‍ നിന്ന് വൈദ്യൂതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. കുടിവെള്ള ശ്രോതസായ ചിറ്റാര്‍ നദിക്കടുത്തായാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്.

അഗസ്ത്യവനമേഖലയിലെ ഏഴാം ബ്ലോക്കിലാണ് ഖരമാലിന്യത്തില്‍ നിന്നും വൈദ്യൂതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പാലോട് പെരിങ്ങമലയില്‍ ജില്ലാ അഗ്രോഫാമിന്റെ 15 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി. 200ലധികം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നതിന് സമീപത്തെ കുന്നിലാണ് പ്ലാന്റിനായി സ്തലം കണ്ടെത്തിയിരിക്കുന്നത്. 40തോളം കുടിവെള്ള പദ്ധതികളുടെ ജലശ്രോതസായ ചിറ്റാര്‍ നദിയില്‍ നിന്ന് ഈ സ്ഥലത്തേക്ക് 200 മീറ്ററില്‍ താഴെ മാത്രമാണ് ദൂരം.

നേരത്തെ ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിന് സ്തലം കണ്ടെത്തിയത് ഈ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി. ഇതിനു പിന്നാലെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. മാലിന്യപ്ലാന്റിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷന്‍ കൌണ്‍സിലിന്റെ തീരുമാനം.

ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ള ശ്രോതസാണ് ചിറ്റാര്‍ നദി. ഇവിടെ നിന്നും മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് 200 മീറ്ററില്‍ താഴെ മാത്രം. ജനങ്ങള്‍ക്കാണോ അതോ വികസനത്തിനാണോ മുന്‍ഗണനയെന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്.

Related Tags :
Similar Posts