Kerala
എറണാകുളത്തെ കുട്ടികള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ലഹരിക്കടിമകളെന്ന് പഠനം
Kerala

എറണാകുളത്തെ കുട്ടികള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ലഹരിക്കടിമകളെന്ന് പഠനം

Web Desk
|
26 Jun 2018 5:23 AM GMT

സ്കൂള്‍ വിദ്യാര്‍ഥികളില്‍ 8 ശതമാനത്തിലേറെ പേര്‍ ലഹരിമരുന്നിന്‍റെ അടിമകളാണെന്ന് ബാംഗ്ളൂര്‍ ആസ്ഥാനമായ ഫോര്‍ത്ത് വേവ് ഫൌണ്ടേഷന്‍

എറണാകുളം ജില്ലയില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതലെന്ന് പഠന ഫലം. സ്ക്കൂള്‍ കുട്ടികളില്‍ 8 ശതമാനത്തിലേറെ പേര്‍ ലഹരിമരുന്നിന് അടിമകളാണെന്ന് ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോര്‍ത്ത് വേവ് ഫൌണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലോകം ഇന്ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കുമ്പോഴാണ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന കണക്കുകൾ പുറത്തു വരുന്നത്.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 60 സ്ക്കൂളുകളിലാണ് ഫോര്‍ത്ത് വേവ് ഫൌണ്ടേഷന്‍ പഠനം നടത്തിയത്. 3800 കുട്ടികളുമായി നേരിട്ട് ഇടപഴകിയതില്‍ നിന്ന് 296 പേര്‍ക്ക് പല തരത്തിലുള്ള ലഹരിക്ക് അടിമകളാണെന്ന് കണ്ടെത്തി‍. ലഹരി ഉപയോഗിക്കുന്നതില്‍ 45 ശതമാനം കുട്ടികള്‍ കൌണ്‍സിലിങ് കൊണ്ട് മാത്രം ഇതില്‍ നിന്ന് മുക്തമാകാത്ത അവസ്ഥയിലാണെന്നും പഠനം വ്യക്തമാക്കുന്നു.

ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായത്. 2014ല്‍ ഇത്തരം കേസുകളുടെ എണ്ണം 2239 ആയിരുന്നെങ്കില്‍ 2017 ല്‍ ഇത് 6450 ആയി കൂടി. വര്‍ധനന 280 ശതമാനം.

അപകടകരമായ സ്ഥിതിയെ മറികടക്കാന്‍ സര്‍ക്കാരും പൊതുജനവും ചേര്‍ന്നുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Similar Posts