കേരളത്തിന്റെ സമുദ്ര മത്സ്യ ലഭ്യതയിൽ 12% വർദ്ധന
|ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു
കേരളത്തിന്റെ സമുദ്ര മത്സ്യ ലഭ്യതയിൽ 12 ശതമാനത്തിന്റെ വർദ്ധന ഉണ്ടായെന്ന് സി.എം.എഫ്.ആർ.ഐയുടെ വാർഷിക പഠന റിപ്പോർട്ട്. ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
2017 ൽ ഇന്ത്യൻ തീരങ്ങളിൽ നിന്നും പിടിച്ച മീനുകളുടെ കണക്കാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പുറത്ത് വിട്ടത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിൽ കുറഞ്ഞു വരികയായിരുന്ന മത്തിയുടെ തിരിച്ചുവരവ് സമുദ്ര മത്സ്യ മേഖലക്ക് ഉണർവായി. മത്തിയുടെ ലഭ്യത മുൻ വർഷത്തെക്കാൾ മൂന്ന് മടങ്ങ് വർദ്ധിച്ചുവെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. അയലയുടെ ലഭ്യതയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ എ.ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ട്രോളിംഗ് നിരോധനത്തിൽ പരിഷ്കാരങ്ങൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സ്യലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്. തുടർച്ചയായ അഞ്ചാം തവണയും ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. ഓഖി മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തെ മത്സ്യലഭ്യതയിൽ 35000 ടണ്ണിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്.