Kerala
വറച്ചട്ടിയെ വട്ടംകറക്കി ഫായിസ് ഗിന്നസ് ബുക്കിലെത്തി
Kerala

വറച്ചട്ടിയെ വട്ടംകറക്കി ഫായിസ് ഗിന്നസ് ബുക്കിലെത്തി

Web Desk
|
28 Jun 2018 5:55 AM GMT

വിസ്താരമുളള ഫ്രൈയിങ് പാന്‍ ഒറ്റ വിരലില്‍ 40 മിനിട്ടും 3 സെക്കന്‍ഡും തുടര്‍ച്ചയായി വട്ടം കറക്കിയാണ് ഈ ഇരുപത്തിയാറുകാരന്‍ ഗിന്നസ് നേട്ടത്തിനുടമയായത്

വെറുതെ ഒരു വറച്ചട്ടിയെടുത്ത് വട്ടം കറക്കുന്നതില്‍ എന്താണിത്ര പുതുമയെന്നാവും? എന്നാല്‍ വറച്ചട്ടി വട്ടം കറക്കി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയാലോ..? അതെ,കണ്ണൂര്‍ ചൊക്ലി സ്വദേശി ഫായിസ് നാസര്‍ ഗിന്നസ് റെക്കോഡിട്ടത് വറച്ചട്ടി വട്ടം കറക്കിയാണ്.

സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ഒറ്റ വിരലില്‍ പുസ്തകം കറക്കിയതിന് പലരും നല്ല ചുട്ട അടി വാങ്ങിയിട്ടുണ്ടാവും. ചൊക്ലി സ്വദേശി ഫായിസ് നാസറിനും ഇതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ഏറെ ശകാരം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ഫായിസ് വട്ടം കറക്കല്‍ ഉപേക്ഷിച്ചില്ല.

പുസ്തകം ഒഴിവാക്കി കറക്ക് പരിപാടി വറച്ചട്ടിയിലേക്ക് മാറ്റി എന്നു മാത്രം. അങ്ങനെ വറച്ചട്ടി കറക്കി കറക്കി ഒടുവില്‍ ഫായിസ് എത്തിയത് ഗിന്നസ് റെക്കോഡിലേക്കാണ്. വിസ്താരമുളള ഫ്രൈയിങ് പാന്‍ ഒറ്റ വിരലില്‍ 40 മിനിട്ടും 3 സെക്കന്‍ഡും തുടര്‍ച്ചയായി വട്ടം കറക്കിയാണ് ഈ ഇരുപത്തിയാറുകാരന്‍ ഗിന്നസ് നേട്ടത്തിനുടമയായത്.

പാകിസ്ഥാന്‍ സ്വദേശി ജാവേദ് ഇഖ്‍ബാലിന്റെ 35 മിനിട്ടിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയുമായി. കൊല്‍ക്കത്തയിലെ യൂണിവേഴ്‍സല്‍ റെക്കോഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചൊക്ലി രാമവിലാസം സ്കൂളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിലായിരുന്നു ഫായിസന്റെ ഈ വട്ടച്ചട്ടി കറക്കല്‍ പ്രകടനം.

Similar Posts