Kerala
പരിശോധന ഒറ്റദിവസം കൊണ്ട് അവസാനിച്ചു; ചെക്ക് പോസ്റ്റുകള്‍ വഴി വീണ്ടും വിഷമത്സ്യം ഒഴുകുന്നു
Kerala

പരിശോധന ഒറ്റദിവസം കൊണ്ട് അവസാനിച്ചു; ചെക്ക് പോസ്റ്റുകള്‍ വഴി വീണ്ടും വിഷമത്സ്യം ഒഴുകുന്നു

Web Desk
|
28 Jun 2018 7:28 AM GMT

പരിശോധനകള്‍ക്ക് തുടര്‍ച്ചയില്ലാത്തതും ചെക്പോസ്റ്റില്‍ പരിശോധനാ ലാബില്ലാത്തതും വിഷമീന്‍ കടത്താന്‍ എളുപ്പമാവുന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യത്തിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ചെക്പോസ്റ്റുകളിലെ പരിശോധന ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ഫോര്‍മാലിന്‍ കലര്‍ന്ന പതിനായിരം കിലോ മത്സ്യം പിടികൂടിയ ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി ഇന്നലെ രാത്രി ലോഡ്കണക്കിന് മത്സ്യം കേരളത്തിലേക്ക് എത്തി. കോട്ടയം എറണാകുളം ജില്ലകളില്‍ വിതരണം ചെയ്യാനുള്ള മത്സ്യമാണ് പരിശോധനകള്‍ കൂടാതെ എത്തിയത്.

രാത്രി 9.40 മുതൽ ഏകദേശം 5 മണിക്കൂർ സമയമാണ് മീഡിയവണ്‍ വാര്‍ത്തസംഘം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ തങ്ങിയത്. ഈ സമയത്ത് 32 ലോറികൾ മത്സ്യവുമായി കടന്ന് പോയി. പ്രധാനമായും തൂത്തുക്കുടിയില്‍ നിന്നാണ് ഇന്നലെ മത്സ്യം എത്തിയത്. കഴിഞ്ഞ ദിവസം പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന ഒരു ലോഡ് മത്സ്യം എത്തിയതും തൂത്തുക്കുടിയില്‍ നിന്ന് തന്നെ. എക്സൈസ് പരിശോധന കടന്ന് വാഹനങ്ങള്‍ ചെക് പോസ്റ്റ് കടന്നു.

കടന്ന് പോയ വഴികളില്‍‍ ഒരിടത്തും യാതൊരു പരിശോധനയുമില്ലാതെ വാഹനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്. ഇതര സംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ യാതൊരു സുരക്ഷപരിശോധനയും ഇല്ലാതെ ഏകദേശം 150 ടണ്ണോണം മത്സ്യം മീഡിയവണ്‍ ക്യാമറക്ക് മുന്നിലൂടെ കേരളത്തിലേക്കെത്തി.

മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിഷം കലര്‍ന്ന മീന്‍ വന്‍ തോതില്‍ സംസ്ഥാനത്തേക്ക് കടത്തുമ്പോള്‍ അതിര്‍ത്തി ജില്ലകളില്‍ പരിശോധന സംവിധാനങ്ങളില്ലെന്നതാണ് യാഥാര്‍ഥ്യം. അതിര്‍ത്തി കടന്ന് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിത്യേന കേരളത്തിലേക്കെത്തുന്ന വാളയാര്‍ ചെക്പോസ്റ്റില്‍ ലാബ് ഉള്‍പ്പെടെ യാതൊരു പരിശോധന സംവിധാനവും ഇല്ല. പരിശോധന നടത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജില്ലയില്‍ ആകെ ഉള്ളത് ഒമ്പത് ഉദ്യോഗസ്ഥര്‍ മാത്രമാണ്.

അയല്‍സംസ്ഥനങ്ങളില്‍ നിന്ന് വാളയാര്‍ കടന്നു നിത്യേന കേരളത്തിലേക്കെത്തുന്നത് പതിനായിരക്കണക്കിന് വാഹനങ്ങള്‍. കേരളത്തിലേക്കുള്ള മീനിന്റെ നല്ലൊരു ശതമാനവും എത്തുന്നതും ഇതുവഴിതന്നെ. പക്ഷെ യാതൊരു പരിശോധന സംവിധാനവുമില്ല. ആകെയുള്ള പരിശോധന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത് രണ്ട് തവണ. രണ്ട് തവണയും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്തു. പക്ഷേ പരിശോധനകള്‍ക്ക് തുടര്‍ച്ചയില്ലാത്തതും ചെക്പോസ്റ്റില്‍ പരിശോധനാ ലാബില്ലാത്തതും വിഷമീന്‍ കടത്താന്‍ എളുപ്പമാവുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ആകെയുള്ള 13 ഉദ്യോഗസ്ഥരില്‍ 9 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഒടുവില്‍ നിയമനം നടത്തിയത് ആറ് മാസം മുമ്പ്. ജില്ലയില്‍‍ 12 സര്‍ക്കിളുകളിലായി ആകെയുള്ളത് ഇക്കാണുന്ന ഒരു വാഹനമാണ് . സംസ്ഥാനത്തേക്ക് വിഷമീന്റെ ഒഴുക്ക് തടയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിര്‍ത്തിയില്‍ കൃത്യമായ പരിശോധന സംവിധാനവും കൂടി ഏര്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.

Related Tags :
Similar Posts