വി എം സുധീരനെയും കെ മുരളീധരനെയും ഒഴിവാക്കി കെപിസിസി നേതൃയോഗം
|കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ എന്നിവരെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നാണ് മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഒഴിവാക്കിയത്.
വി എം സുധീരനെയും കെ മുരളീധരനെയും ഒഴിവാക്കി കെപിസിസി നേതൃയോഗം. നേതാക്കൾക്കെതിരായ വിമർശനം ഒഴിവാക്കാനായി നടത്തിയ നീക്കത്തിനെതിരെ നേതൃയോഗത്തിൽ തന്നെ വിമർശമുയർന്നു. സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് വി എം സുധീരൻ പ്രതികരിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതിനായി താഴെ തട്ടു മുതൽ പാർട്ടി സജീവമാക്കുന്നത് ചർച്ച ചെയ്യാനാണ് വിശാല നേതൃയോഗം വിളിച്ചത്. കെ പി സി സി ഭാരവാഹികൾ, ഡി സി സി പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ എന്നിവരെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നാണ് മുൻ കെ പി സി സി പ്രസിഡന്റുമാരെ ഒഴിവാക്കിയത്.
വി എം സുധീരൻ, കെ മുരളീധരൻ എന്നിവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാനിടയുള്ള നേതൃവിമർശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ അതേ യോഗത്തിൽ തന്നെ നേതൃത്വത്തിന്റെ നടപടിക്കെതിരെ വിമർശമുയർന്നു. മുതിർന നേതാക്കളെ ഒഴിവാക്കിയത് ശരിയായില്ലെന്ന് വി ഡി സതീശൻ, ടി എൻ പ്രതാപൻ, ജോൺസൻ എബ്രഹാം എന്നിവർ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ച ഇല്ലാത്തതിനാൽ വിളിക്കാത്തതാണെന്നും മനഃപൂർവമല്ലെന്നുമുള്ള വിശദീകരണമാണ് കെപിസിസി പ്രസിഡന്റ് എം എം ഹസൻ നൽകിയത്.
കെപിസിസി കീഴ്‌വഴക്കം തെറ്റിച്ചെന്ന് സുധീരൻ പറഞ്ഞു. യോഗത്തിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ തുടക്കത്തിൽ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആ നീക്കത്തിൽ നിന്ന് പിന്മാറി.