വൈദികർക്കെതിരെയുളള ലൈംഗികാരോപണകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
|ഇതിനുളള ഉത്തരവ് ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി
ഓർത്തഡോക്സ് സഭ വൈദികർക്കെതിരെയുളള ലൈംഗികാരോപണകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനുളള ഉത്തരവ് ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. അന്വേഷണവുമായി സഹകരിക്കുമെന്ന് ഓര്ത്തഡോക്സ് സഭ അറിയിച്ചു.
കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വൈദികർ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയാണ് ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപി ലോകനാഥ് ബെഹ്റ ഉത്തരവിറക്കിയത്.യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്നും ഇര നേരിട്ട് പരാതി നൽകണമെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.എന്നാൽ ലൈംഗിക ആരോപണത്തിൽ പരാതിയില്ലെങ്കിലും കേസെടുക്കാമെന്നും സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് നിർദ്ദേശിച്ചു.
കേസെടുത്തു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ ഡിജിപിക്ക് കത്തയക്കുകയും ചെയ്തു.ഇതോടെയാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്.എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന് കീഴിൽ പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല.യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ കുറ്റാരോപിതരായ അഞ്ച് വൈദികരേയും ഓർത്തഡോക്സ് സഭ ചുമതലകളിൽനിന്ന് നീക്കിയിട്ടുണ്ട്.സംഭവത്തിൽ സഭാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.