Kerala
സ്കൂള്‍ അധികൃതരുടെ അനാസ്ഥ: മര്‍ക്കസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി
Kerala

സ്കൂള്‍ അധികൃതരുടെ അനാസ്ഥ: മര്‍ക്കസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി

Web Desk
|
29 Jun 2018 5:30 AM GMT

സ്കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പട്ടിക ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റ് ബുധനാഴ്ച പുറത്തു വിട്ടപ്പോള്‍ മര്‍ക്കസ് സ്കൂളില്‍ നിന്നും അപേക്ഷ നല്‍കിയ 28 വിദ്യാര്‍ത്ഥികളുടെ പേരുണ്ടായിരുന്നില്ല.

സ്കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇരുപത്തിയെട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷ വൈകിയതു മൂലം അടുത്തുള്ള സ്കൂളുകളിലേക്ക് മാറ്റം ലഭിക്കാതിരുന്നത്. സംഭവത്തെക്കുറിച്ച് ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം ആവശ്യപ്പെട്ടു.

ഈ മാസം 26 ആയിരുന്നു ഏകജാലകം വഴി പ്ലസ് വണില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ അനുസരിച്ച് സ്കൂള്‍ മാറാന്‍ അപേക്ഷ നല്‍കേണ്ട അവസാന ദിവസം. കാരന്തൂര്‍ മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പലരും അടുത്തുള്ള സ്കൂളുകളിലേക്ക് മാറുന്നതിന് സ്കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. പക്ഷേ സ്കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പട്ടിക ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് ബുധനാഴ്ച പുറത്തു വിട്ടപ്പോള്‍ മര്‍ക്കസ് സ്കൂളില്‍ നിന്നും അപേക്ഷ നല്‍കിയ 28 വിദ്യാര്‍ത്ഥികളുടെ പേരുണ്ടായിരുന്നില്ല. സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ അധികൃതര്‍ക്ക് നല്‍കാതിരുന്നതാണ് ഇതിനു കാരണമെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രതിഷേധിച്ചു.

സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്കടക്കം രക്ഷിതാക്കള്‍ പരാതി നല്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ഓഫീസില്‍ വിശദ വിവരം അറിയിച്ചിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts