Kerala
പ്ലസ്ടു പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചു; ആയിരകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
Kerala

പ്ലസ്ടു പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചു; ആയിരകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

Web Desk
|
29 Jun 2018 9:42 AM GMT

മലബാറില്‍ ആയിരകണക്കിനു കുട്ടികളാണ് സീറ്റില്ലാത്തതിന്റെ പേരില്‍ പ്രൈവറ്റായി പഠിക്കേണ്ടി വരുന്നത്. സീറ്റ് വര്‍ധനക്ക് പകരം പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്

ഹയര്‍സെക്കണ്ടറി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടിയായി ഫീസ് വര്‍ധന. സ്കോള്‍ കേരളയിലെ മുഴുവന്‍ കോഴ്സുകള്‍ക്കും ഈ വര്‍ഷം മുതല്‍ അധിക ഫീസ് നല്‍കണം. സീറ്റില്ലാതെ പ്രയാസപ്പെടുന്ന ആയിരകണക്കിന് വിദ്യാര്‍ഥികളെ സ്കോള്‍ കേരള തീരുമാനം ബാധിക്കും.

മലബാറിലെ വിവിധ ജില്ലകളില്‍നിന്നായി ആയിരകണക്കിനു കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡസ് സ്കൂളുകളില്‍ സീറ്റില്ലാത്തതിന്റെ പേരില്‍ പ്രൈവറ്റായി പഠിക്കേണ്ടിവരുന്നത്. സീറ്റ് വര്‍ധന ആവശ്യപെട്ടിട്ടും ഇതുവരെ നടപ്പിലായിട്ടില്ല. പകരം പ്രൈവറ്റായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്

സയന്‍സ് വിഷയങ്ങള്‍ക്കാണ് ഏറ്റവും അധികം ഫീസ് വര്‍ധിപ്പിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 840 രൂപ വര്‍ധിപ്പിച്ചു. ബയോളജി, സൈക്കോളജി സ്ട്രീമില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 640 രൂപ ഈ വര്‍ഷം അധികമായി നല്‍കണം. കഴിഞ്ഞ വര്‍ഷം 1710 രൂപ ഫീസ് ഉണ്ടായിരുന്ന ഹ്യൂമാനിറ്റീസിലെ സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സ്റ്റാറ്റിസിക്സ് സ്ട്രീം കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷത്തില്‍ 2100 രൂപയാണ് ഫീസ്. 2390 രൂപ ഫീസ് ഉണ്ടായിരുന്ന കോമേഴ്സിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന് 2800 രൂപയാണ് പുതുക്കിയ ഫീസ്. പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ ഐച്ചികമായി എടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് 390 രൂപ അധിക ഫീസ് ഈ വര്‍ഷം നല്‍കണം.

Similar Posts