മുഖ്യമന്ത്രി ഇടപെട്ടു; കുവൈത്തില്‍ തടഞ്ഞുവെക്കപ്പെട്ട മലയാളി നഴ്‍സ് നാട്ടിലെത്തി
|കുവൈത്തിൽ തടഞ്ഞുവെക്കപ്പെട്ട നഴ്‍സ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മോചിതയായി നാട്ടിലെത്തി. വയനാട് പുൽപ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടിൽ തിരിച്ചെത്തിയത്.
കുവൈത്തിൽ തടഞ്ഞുവെക്കപ്പെട്ട നഴ്‍സ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മോചിതയായി നാട്ടിലെത്തി. വയനാട് പുൽപ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടിൽ തിരിച്ചെത്തിയത്.
നഴ്സിങ് ജോലി വാഗ്ദാനം വിശ്വസിച്ച് ആണ് സോഫിയ ദുബൈയിലേക്ക് പോയത്. എന്നാൽ അവിടെ ഹോം നഴ്സിന്റെ ജോലി മാത്രം ലഭിച്ചു. ഇതിനെ സോഫിയ എതിർത്തു. ഇതേ തുടർന്ന് കുവൈത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു.
അടുത്ത വീട്ടിലെ ഒരു മലയാളി സ്ത്രീയുടെ ഫോണിൽ നിന്നും സോഫിയ ശബ്ദ സന്ദേശം അയച്ചപ്പോഴാണ് ബന്ധുക്കൾ ഇക്കാര്യം മനസിലാക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യ മന്ത്രാലയം കുവൈത്ത് സർക്കാരിന് കൈമാറി.
സംസ്ഥാന സർക്കാർ കുവൈത്തിലെ മലയാളി സംഘടനകളുമായും എംബസിയുമായും ബന്ധപ്പെട്ടിരുന്നു. തുടർന്ന് കുവൈത്ത് തൊഴിൽ വകുപ്പ് സോഫിയയെ കണ്ടെത്തുകയായിരുന്നു. സോഫിയയെ നാട്ടിലേക്ക് തിരിച്ചയച്ച വിവരം കുവൈത്ത് തൊഴിൽ വകുപ്പ് അധികൃതർ ഇ മെയിലുടെ മുഖ്യമന്ത്രിയെ അറിയിച്ചു.