വയനാട് പകര്‍ച്ചവ്യാധികള്‍ പടരുന്നു
|കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പനി ബാധിച്ച് 3221 പേര് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
മഴക്കാലമെത്തിയതോടെ വയനാട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു. എലിപ്പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയാണ് പടരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പനി ബാധിച്ച് 3221 പേര് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
കാലവര്‍ഷം കനത്ത് തുടങ്ങിയതോടെയാണ് വിവിധ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മാത്രം 3221 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പനി ബാധിതരാണ് ചികിത്സ തേടുന്നവരില്‍ ഏറെയും.
വയറിളക്കം, ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോയിഡ് എന്നീ അസുഖങ്ങളാണ് വയനാട്ടില്‍ കൂടി വരുന്നത്. ജില്ലയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മാനന്തവാടി താലൂക്കിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂപ്പൈനാട്, മേപ്പാടി, നൂല്‍പ്പുഴ എന്നിവിടങ്ങളിലാണ് ടൈഫോയ്ഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ അരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യമായി നടപടികള്‍ സ്വീകരിച്ചതായി ആരേഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.